കോഴിക്കോട്: ഫെബ്രുവരി 3 ന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിനുള്ള പന്തലിന് കാൽനാട്ടി. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിൽ നടക്കും. മതപ്രഭാഷണ പരമ്പര, അലുംനി കോൺക്ലേവ്, മീഡിയ കൊളോക്കിയം, കൾച്ചറൽ മീറ്റ്, പ്രവാസി സംഗമം, അഹ്ദലിയ്യ ആത്മീയ വേദി, സഖാഫി സംഗമം തുടങ്ങിയ വിവിധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമാണ്.
കാൽ നാട്ടൽ ചടങ്ങിന് സ്വാഗത സംഘം ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ് ബാഫഖി, സത്താർ കാമിൽ സഖാഫി, ബശീർ സഖാഫി കൈപ്പുറം, മുഹമ്മദലി സഖാഫി വള്ളിയാട്, അക്ബർ ബാദുഷ സഖാഫി, ഹനീഫ് അസ്‌ഹരി, റശീദ് സഖാഫി, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ബിച്ചു മാത്തോട്ടം, സിദ്ദീഖ് ഹാജി കോവൂർ, അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അഡ്വ. മുഹമ്മദ് ശരീഫ്, അശ്‌റഫ് അരയങ്കോട് സംബന്ധിച്ചു. സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളുമാണ് മർകസ് ക്യാമ്പസിലും പരിസരങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.