തിരുവനന്തപുരം: ഗവർണർ-സർക്കാർ സംഘർഷത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ പൗര നേതാക്കൾക്ക് രാജ്ഭവനില്‍ വിരുന്നൊരുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗവർണറുടെ വിരുന്നിന് അറ്റ് ഹോം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഡിസംബർ 22ന് രാജ്ഭവൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് ജനുവരി 21ന് തന്നെ ഫണ്ട് അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. അതിനാൽ 20 ലക്ഷം ഉടൻ ട്രഷറിയിൽ നിന്ന് രാജ്ഭവന് ലഭിക്കും.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ഇപ്പോള്‍ ട്രഷറി നിയന്ത്രണമുണ്ട്. ഓവര്‍ഡ്രാഫ്റ്റ് ആയതോടെ 1000 രൂപ പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. എന്നാല്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി ഇവരുടെ ചെലവുകള്‍ക്ക് ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസാക്കി കൊടുക്കും.
സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങളൊന്നുമില്ലെന്ന പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം പ്രതികരിക്കുന്നതിനിടെയാണ് വിരുന്നിന് ഇത്രയും തുക അനുവദിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ നിയമസഭയിൽ നടക്കും. രാജ്ഭവനിൽ പൗര നേതാക്കൾക്കായി ഒരുക്കുന്ന വിരുന്നിൽ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.