തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംസ്ഥാനത്തെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു വലിയ പദ്ധതി ആവിഷ്‌കരിക്കുന്നു.
ഡീപ് ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിൽ ഒരു എമർജിംഗ് ടെക്‌നോളജി ഹബ് സ്ഥാപിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ബുധനാഴ്ച ഇവിടെ പറഞ്ഞു.
തലസ്ഥാന നഗരിക്കടുത്തുള്ള പള്ളിപ്പുറത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1500 കോടി രൂപ ചെലവിൽ ഇത് സ്ഥാപിക്കും. ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ, കമ്പ്യൂട്ടർ ഇമേജിംഗ്, വെർച്വൽ റിയാലിറ്റി പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് ആവശ്യമായ മറ്റ് നൂതന ആപ്ലിക്കേഷനുകൾ എന്നിവയുടെ ഡൊമെയ്‌നുകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് എമർജിംഗ് ടെക്‌നോളജി ഹബ് വലിയ തോതിൽ ഗുണം ചെയ്യും,” അനൂപ് അംബിക പറഞ്ഞു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2022-ൽ കേരളം നേടിയ മികച്ച പ്രകടനത്തിനുള്ള അവാർഡ് അനൂപ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സെക്രട്ടറി രത്തൻ യു കേൽക്കർ, കെഎസ്‌യുഎം സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുത്തൻ സാങ്കേതികവിദ്യകളുടെയും നിക്ഷേപങ്ങളുടെയും സാധ്യതകൾ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളുമായി എമർജിംഗ് ടെക്‌നോളജി ഹബ്ബിന്റെ രൂപീകരണവുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി അപേക്ഷിക്കാം: https://zfrmz.com/7Hwe469CJ7ZmptvSiNP9