എറണാകുളം: അങ്കമാലി മൂക്കന്നൂരില്‍ കുടുംബ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബാബു (41) കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെയുള്ള കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ശിക്ഷയുടെ അന്തിമ വാദം ഈ മാസം 29ന് നടക്കും. തുടർന്ന് പ്രതികക്ക് കോടതി ശിക്ഷ വിധിക്കും.
സ്വത്ത് തർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കന്നൂരിൽ ജ്യേഷ്ഠനെയും ഭാര്യ വത്സലയെയും മകൾ സ്മിതയേയും ബാബു ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സ്മിതയുടെ രണ്ട് മക്കൾക്കും വെട്ടേറ്റിരുന്നു. എന്നാല്‍ ഇവർ ഓടി രക്ഷപെട്ടതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല.
നാടിനെ നടുക്കിയ ആ കൊലപാതകത്തില്‍ അഞ്ച് വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സഹോദരൻ ശിവൻ (61), ഭാര്യ വത്സല (58), മകൾ സ്മിത (33) എന്നിവരെ 2018 ഫെബ്രുവരി 12 ന് വൈകിട്ട് 5.45 നാണ് പ്രതി ബാബു കൊലപ്പെടുത്തിയത്.
കുടുംബ സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട വിൽപത്രത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. കുടുംബ സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാബുവും സഹോദരനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. പ്രതിക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്ന് സഹോദരൻ മരം മുറിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സഹോദരൻ ശിവനെ വീട്ടു മുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, ഇവരുടെ മകൾ സ്മിതയെ കുളിമുറിയിൽ വെച്ചുമാണ് പ്രതി മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ചതാണ് അവരുടെ രണ്ട് മക്കൾക്കും വെട്ടേറ്റത്. ഭർത്താവിന്റെ വീട്ടിൽ നിന്നും സ്മിത അവധിയാഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴായിരുന്നു സ്വന്തം പിതാവിന്റെ സഹോദരന്റെ കൊലക്കത്തിക്ക് ഇരയായത്.
സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതി തൃശൂരിൽ പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, നാട്ടുകാരും അങ്കമാലി പൊലീസും ചേർന്ന് പ്രതിയെ പിടികൂടി. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. ഒരു കുടുംബത്തെയാകെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.