ഹൂസ്റ്റൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് രംഗത്തു അഭിമാനാർഹമായ വിജയം കൈവരിച്ച്, മലയാളികൾക്ക് അഭിമാനമായി മാറിയ ഹൂസ്റ്റണിലെ അഞ്ചു ജനപ്രതിനിധികൾക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) യുടെ ആദരം!
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയൂഎസ്‌എ) ന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 നു ശനിയഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സമരാഗ്നി സംഗമത്തിൽ വച്ചാണ് കെപിസിസി പ്രസിഡണ്ടും മികച്ച പാര്ലമെന്ററിയനുമായ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചത്. ജന സാന്നിധ്യം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഇതിനകം ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രൗഢ ഗംഭീരമായ സമ്മേളനമായിരുന്നു സമരാഗ്നി സംഗമം
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്., മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് 240 ഡിസ്‌ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യൂ എന്നിവരാണ് ആദരിക്കപ്പെട്ടവർ. അമേരിക്കയിൽ മലയാളി സമൂഹത്തിൽ നിന്ന് മാത്രമല്ല ഇന്ത്യൻ സമൂഹത്തിൽ നിന്നും ഇത്രയധികമാളുകൾ ഭരണരംഗത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏക നഗരമാണ് ഹൂസ്റ്റൺ.
പത്തു ലക്ഷം ജനസംഖ്യയുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ആദരവായി കൗണ്ടി ജഡ്ജ് കെ.പി. ജോർജ് കെപിസിസി പ്രസിഡന്റിന് ബഹുമതി പത്രം (പ്രൊക്ലമേഷൻ) നൽകിയപ്പോൾ സദസ്സ് ഒന്നടംകം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി.
അഞ്ചു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ഒരുമിച്ചു ഒരു വേദിയിൽ കിട്ടിയ അപൂർവ നിമിഷങ്ങൾ കൂടിയായിരുന്നു അത്. മേയർമാരും ജഡ്ജുമാരും ആദരവുകൾക്കു നന്ദി പ്രകാശിപ്പിച്ചു.
ഇത് തനിക്കു ആശ്ചര്യമായി തോന്നുന്നു. അമേരിക്കയിലെ ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ എത്തിപ്പെടുന്നുവെന്നതിൽ അഭിമാനം തോന്നുന്നു . ഹൂസ്റ്റണിൽ തന്നെ ഒരു കൗണ്ടി ജഡ്ജ്, രണ്ടു സിറ്റി മേയർമാർ, ഒരു ഡിസ്ട്രിക് ജഡ്ജ് ഉൾപ്പെടെ രണ്ടു കോർട്ട് ജഡ്ജുമാർ , നിങ്ങളെ കുറിച്ച് ഞാൻ അഭിമാനം കൊള്ളുന്നു, ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെയെന്നു ആശംസിക്കുന്നു. കൂടുതൽ പ്രവാസി മലയാളികൾ ഈ നല്ല നാടിന്റെ, അമേരിക്കയുടെ ഭരണരംഗത്തേക്കു വരുവാൻ കഴിയട്ടേ എന്നും കെപിസിസി പ്രസിഡണ്ട് ആശംസിച്ചു.
നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതം പറഞ്ഞു. തുടർന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി
ഒഐസിസിയുടെ ടെക്സസിലെ ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകൾ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിച്ചു. .
ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.
ഒഐസിസി യൂഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, മഞ്ജു മേനോൻ എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു.