കോഴിക്കോട്: മർകസ് സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ കൂട്ടായ്മയായ അലംനൈ സെൻട്രൽ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനം ‘ഡെലിഗേറ്റ്സ് കോൺക്ലേവ്’ നാളെ(ഞായർ) നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടക്കുന്ന കോൺക്ലേവിൽ വിവിധ സെഷനുകളിലായി 12 രാഷ്ട്രങ്ങളിൽ നിന്നുള്ള പൂർവവിദ്യാർഥികൾ സംബന്ധിക്കും. അഡ്വ. പി ടി എ റഹീം എം എൽ എ സംഗമം ഉദ്ഘാടനം ചെയ്യും. സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ പ്രഭാഷണം നിർവഹിക്കും. സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസയർപ്പിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം നടക്കുന്ന ‘വിത്ത് ദ ലെജൻഡ്’ സെഷനിൽ മർകസ് സ്ഥാപകൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സദസ്സുമായി സംവദിക്കും. മർകസ് പൂർവ വിദ്യാർഥിയും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന കെ എം ബഷീർന്റെ സ്മരണാർഥം മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സിറാജ് ദിനപത്രം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കലിന് സമ്മാനിക്കും. 11111 രൂപയും ഫലകവും ശില്പവും അടങ്ങുന്ന അവാർഡ് ഇത് രണ്ടാം തവണയാണ് നൽകുന്നത്. ചടങ്ങിൽ മാധ്യമപ്രവർത്തകനും രാജ്യസഭാ എം പിയുമായ ജോൺ ബ്രിട്ടാസ് കെ എം ബശീർ അനുസ്മരണ പ്രഭാഷണം നടത്തും. രാജീവ് ശങ്കരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.
അലുംനി പാർലിമെന്റ്, ബ്രില്ലെന്റ് ടാൽക്, മെന്റേഴ്സ് ഇന്ററാക്ഷൻ തുടങ്ങി പൂർവവിദ്യാർഥികളുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ ഉന്നമനത്തിനുതകുന്ന വിവിധ സെഷനുകളും കോൺക്ലേവിന്റെ ഭാഗമാണ്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സംരംഭകത്വ, വ്യാവസായിക രംഗത്തെ പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകും.
ഒരു ലക്ഷത്തി എൺപതിനായിരത്തിൽ പരം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മർകസ് അലുംനി. വിഭ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിന്റെ രണ്ടുവർഷം കൂടുംതോറും നടക്കുന്ന പ്രതിനിധി സംഗമമാണ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ്. അടുത്ത രണ്ട് വർഷത്തെ ഭരണ സമിതി കോൺക്ലേവിൽ നിലവിൽ വരും. കഴിഞ്ഞ സംഘടനാ വർഷത്തെ അവലോകനവും വരും വർഷങ്ങളിലേക്കുള്ള പദ്ധതിയവതരണവും കോൺക്ലേവിൽ നടക്കും. നിലവിൽ ഭിന്നശേഷി വിദ്യാഭ്യാസ കേന്ദ്രമായ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്, വിദ്യാഭ്യാസ സഹായങ്ങൾ, സ്ത്രീ ശാക്തീകരണ-തൊഴിൽ പദ്ധതികൾ, സംരംഭകത്വ കൂട്ടായ്മ, ദേശീയ വിദ്യാഭ്യാസ മിഷൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ അലുംനി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്നു.