തിരുവല്ല: ദരിദ്രരോടും പീഡിതരോടും പക്ഷം ചേർന്ന് അവരുടെ ക്ഷേമത്തിനു വേണ്ടിയും സാമൂഹിക തിന്മകളായ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായവരുടെ വിമോചന പ്രവർത്തനങ്ങൾക്കുമായി നിലകൊള്ളുന്ന ‘മൈ മാസ്റ്റേ൪സ് മിനിസ്ട്രി’യുടെ നേതൃത്വത്തിലുള്ള സംഗീത സായാഹ്നം ഫെബ്രുവരി 3-ാം തിയതി വൈകിട്ട് 6ന് തിരുവല്ല വിജയാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും.
ക്നാനായ സഭ കല്ലിശ്ശേരി മേഖല അതിഭദ്രാസനാധിപൻ മോർ ഗ്രീഗോറിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അദ്ധ്യക്ഷത വഹിക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനാധിപൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പ്രമുഖരെ ആദരിക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, നിത്യാ മാമ്മൻ, ടി.എസ്. അയ്യപ്പൻ എന്നിവർ അണിനിരക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം നടക്കും.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് ചീഫ് കോഓർഡിനേറ്റർ റവ. പ്രസാദ് ജോൺ, കോഓർഡിനേറ്റർമാരായ ഡോ. ജോൺസൺ വി ഇടിക്കുള, റോബി തോമസ്, ലിജു എം തോമസ് എന്നിവർ അറിയിച്ചു.