ന്യൂഡല്‍ഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് പിന്നാലെ രാംലാലയുടെ പ്രതിമ നിർമ്മിച്ച അരുൺ യോഗിരാജ് വാർത്തകളിൽ ഇടം നേടി. രാംലാലയുടെ വിഗ്രഹം രൂപപ്പെടുത്താൻ അദ്ദേഹം കഴിഞ്ഞ കുറേ മാസങ്ങളായി രാവും പകലും പ്രവർത്തിച്ചു. ഈ പ്രതിമ രാജ്യത്തും ലോകത്തും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ അരുൺ യോഗിരാജിൻ്റെ ജോലിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു ബിജെപി എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, രാംലാലയുടെ പ്രതിമയ്ക്കല്ല, വോഡയാർ രാജവംശത്തിലെ ഒരു രാജാവിൻ്റെ പ്രതിമ കൊത്തിയതിന് മൈസൂർ മുനിസിപ്പൽ കോർപ്പറേഷൻ യോഗിരാജിന് പ്രതിഫലം നൽകിയിട്ടില്ല എന്നാണ് പറയുന്നത്.
മൈസൂർ മുനിസിപ്പൽ കോർപ്പറേഷന് ഇപ്പോഴും 12 ലക്ഷം രൂപ നൽകാനുണ്ടെന്നും അത് യോഗിരാജിന് നൽകാനുള്ള പണമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. യോഗിരാജിന് പണം നൽകിയിട്ടില്ലെന്ന് തങ്ങൾക്ക് ഇതുവരെ ഒരു വിവരവുമില്ലെന്ന് മൈസൂർ മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നു. രേഖകൾ പരിശോധിച്ച ശേഷം ബിജെപി എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും അവര്‍ പറഞ്ഞു.
ജനുവരി 22 നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലാലയുടെ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെ ആറായിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. രാമക്ഷേത്രം അടുത്ത ദിവസം തന്നെ സാധാരണ ഭക്തർക്കായി തുറന്നുകൊടുത്തു. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് രാംലാലയെ ദർശിക്കാൻ ക്ഷേത്രത്തിലെത്തുന്നത്.
മൂന്ന് വിഗ്രഹങ്ങളിൽ ഒന്ന് രാമക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. പ്രശസ്ത ശിൽപിയായ അരുൺ യോഗിരാജാണ് രാംലാലയുടെ വിഗ്രഹം നിർമ്മിച്ചത്. അടുത്തിടെ, വിവിധ അഭിമുഖങ്ങളിൽ യോഗിരാജ് വിഗ്രഹത്തെക്കുറിച്ച് നിരവധി വിവരങ്ങൾ നൽകിയിരുന്നു. താൻ രാംലാലയുടെ വിഗ്രഹം നിർമിക്കുമ്പോൾ എല്ലാ ദിവസവും വൈകുന്നേരം നാലിനും അഞ്ചിനും ഇടയിൽ ഒരു കുരങ്ങ് അവിടെ വരാറുണ്ടെന്നും, വിഗ്രഹം കണ്ട ശേഷം തിരികെ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപുറമെ, ആദ്യമായി വിഗ്രഹം ട്രസ്റ്റിലെ ആളുകൾക്ക് കാണിച്ചപ്പോൾ എല്ലാവരും ആദ്യം കൈ കൂപ്പി രാംലാലയുടെ മുന്നിലാണ് നില്ക്കുന്നതെന്ന പ്രതീതി ജനിപ്പിക്കുന്നുവെന്ന് പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.