വാഷിംഗ്ടൺ: ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള H1B തൊഴിലാളികൾക്ക് യുഎസിൽ നിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാൻ അപേക്ഷിക്കാം. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രദ്ധേയമായ ഈ മാറ്റം വന്നിരിക്കുന്നത്.
യോഗ്യരായ 20,000 കുടിയേറ്റേതര തൊഴിലാളികൾക്ക് അവരുടെ H-1B വിസകൾ ഇനി ആഭ്യന്തരമായി പുതുക്കാം.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ, ഇന്ത്യൻ പൗരന്മാർക്ക് ഉൾപ്പെടെ, നിവേദനം അടിസ്ഥാനമാക്കിയുള്ള ചില താൽക്കാലിക തൊഴിൽ വിസകൾ രാജ്യത്ത് പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെക്കുറിച്ചുള്ള പ്രഖ്യാപനം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയിരുന്നു.
സന്ദർശന വേളയിൽ, വാഷിംഗ്ടണിൽ നടന്ന ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി പരിപാടിയിൽ, എച്ച് -1 ബി വിസ പുതുക്കൽ സ്റ്റാമ്പിംഗ് യുഎസിൽ നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയും ചെയ്തു.
സന്ദർശനത്തെത്തുടർന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും താൽക്കാലിക വിസ ഉടമകളുടെ ജീവിതം സുഗമമാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സൂചിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും കാനഡയിലെയും കോൺസുലേറ്റുകളിൽ അടുത്തിടെ H-1B സ്പെഷ്യാലിറ്റി തൊഴിൽ വിസ ലഭിച്ച തൊഴിലാളികൾക്കിടയിൽ തുല്യമായി വിഭജിച്ച്, അടുത്ത അഞ്ച് ആഴ്‌ചകളിൽ മൊത്തം 20,000 അപേക്ഷകരെ പൈലറ്റിനായി സ്വീകരിക്കും.
പൈലറ്റിൻ്റെ ലോഞ്ചിംഗിന് മുന്നോടിയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ഒരു വെബ്‌സൈറ്റ് വിസ ഉടമകൾക്ക് അവരുടെ യോഗ്യത സ്ഥിരീകരിക്കാൻ അനുവദിച്ചിട്ടുണ്ട്.
നിയമപരമായ കുടിയേറ്റക്കാർക്കുള്ള വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനുമാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. അപേക്ഷകർക്ക് വിസ പുതുക്കുന്നതിന് വിദേശത്തേക്ക് പോകേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുമെന്നും യുഎസിൽ ജോലി ചെയ്യാൻ ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് വ്യക്തികൾക്ക് പ്രയോജനം ചെയ്യുമെന്നും, നമ്മുടെ രാജ്യത്തിൻ്റെ കമ്പനികളുടെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയ്‌ക്ക് സംഭാവന നൽകുമെന്നും പ്രമുഖ ഇമിഗ്രേഷന്‍ അഭിഭാഷകനായ അജയ് ഭൂട്ടോറിയ പറഞ്ഞു.
ഈ പൈലറ്റ് പ്രോഗ്രാം ഏഷ്യൻ അമേരിക്കക്കാർ, തദ്ദേശീയരായ ഹവായികൾ, പസഫിക് ദ്വീപുവാസികൾ എന്നിവരെ സംബന്ധിച്ച പ്രസിഡൻ്റിൻ്റെ ഉപദേശക കമ്മീഷനിലെ ഭൂട്ടോറിയ അവതരിപ്പിച്ച ശുപാർശകളിൽ ഒന്നാണ്. ഇതാണ് ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നടപ്പിലാക്കുന്നത്.
ഇപ്പോൾ ഈ പ്രോഗ്രാം ഡിസംബറിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന H-1B തൊഴിലാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, H-4 വിസയിലുള്ള ഭാര്യാഭർത്താക്കന്മാരെയും കുട്ടികളെയും പോലെയുള്ള ആശ്രിത വിസ ഹോൾഡർമാരെ ഒഴിവാക്കുന്നു.
ഈ വിസ പുതുക്കൽ പ്രക്രിയയുടെ പ്രാരംഭ സമാരംഭം പ്രോഗ്രാമിൻ്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനുള്ള പരിമിതമായ പൈലറ്റ് പ്രോഗ്രാമായിരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് (DOS) സൂചിപ്പിച്ചു. പൈലറ്റ് പ്രോഗ്രാം വിജയകരമാണെന്ന് തെളിഞ്ഞാല്‍, പ്രോഗ്രാമിൻ്റെ യോഗ്യത മറ്റ് വിസ വിഭാഗങ്ങളിലേക്കും വ്യക്തികളിലേക്കും വ്യാപിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം DOS പ്രകടിപ്പിച്ചു.