തിരുവനന്തപുരം: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടണ്‍ ഡി.സി യിൽ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡൻറ് ഡോ: ബാബു സ്റ്റീഫൻ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഷിംഗ്ടണ്‍ ഡി.സി യിലെ നോർത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റ് ആണ് കൺവെൻഷന് വേദിയാകുന്നത് .
മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ ശശി തരൂർ , ജോൺ ബ്രിട്ടാസ് എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കവി മുരുകൻ കാട്ടാക്കടയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കൺവെൻഷനിൽ പങ്കെടുക്കും .
എക്സിക്യൂട്ടീവ് കമ്മറ്റി ഉൾപ്പെടെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ കൺവെൻഷൻ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും, 60 അംഗസംഘടനകളിൽ നിന്നും ഉൾപ്പെടെ 1500 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ബിസിനസ് മീറ്റ്, മീഡിയ സെമിനാർ, നേഴ്‌സസ് സെമിനാർ, വിമൻസ് ഫോറം, ലിറ്റററി അവാർഡ്, ടാലൻറ് കോംപെറ്റീഷൻസ് എന്നിവ ത്രിദിന കൺവെൻഷനിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും.
1983 ൽ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജന്മനാടിൻ്റെ പൈതൃകവും,സംസ്‌കാരവും ഉൾകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നാടിനോടുള്ള കൂറും ,കടപ്പാടും കാത്തുസൂക്ഷിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷകാലം ഡോ: ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫൊക്കാന ഇന്റർനാഷണൽ ചാപ്റ്റർ ഡൽഹി, ബോംബെ, ബാംഗ്ലൂർ, ചെന്നൈ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആരംഭിച്ചു. ഫൊക്കാനയുടെ ആസ്ഥാന മന്ദിരത്തിനായി 250000 ഡോളർ ബാബു സ്റ്റീഫൻ സംഭാവന നൽകി. ഫൊക്കാന ഭവന പദ്ധതിയിൽ 10 വീടുകൾക്ക് 36 ലക്ഷം രൂപ, ഹൈസ്‌കൂൾ – നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, അശരണർക്ക് ആശ്വാസധനം എന്നിവ പ്രധാന പദ്ധതികളിൽപെടുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ ” ഭാഷക്കൊരു ഡോളർ ” ഫൊക്കാനയുടെ അഭിമാന പദ്ധതിയാണ്.
ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കൺവെൻഷനാണ് വാഷിങ്ങ്ടൺ ഡി.സി വേദിയാവാൻ പോകുന്നതെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.