സമൂഹത്തിൽ നിയമവും നീതിയും ഉയർത്തിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ട നീതിന്യായ സംവിധാനങ്ങൾ തന്നെ നിയമ ലംഘനങ്ങൾക്ക് മേലൊപ്പ് ചാർത്തുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി.
യു പി വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവർക്ക് അനുമതി കൊടുത്ത വരാണസി ജില്ല കോടതിവിധി നഗ്നമായ നിയമ ലംഘനമാണ്.
ഇത് 1991 ലെ ആരാധനാലയ നിയമം നേർക്കു നേരെ ലംഘിക്കുകയാണ് ചെയ്യുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി 1991 ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി സവിശേഷമായി ഇടപെടുകയും വേണം.
ഇന്ത്യയിലെ പൗരസമൂഹവും ജനാധിപത്യ – മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഇത്തരം കുതന്ത്രങ്ങളെ തുറന്നെതിർത്ത് രംഗത്ത് വരണമെന്നും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, അഷറഫ് കെ കെ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.