ന്യൂയോർക്ക്: കെ എച്ച് എൻ എ 2025 സിൽവർ ജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ ഡോ നിഷ പിള്ളയുടെ നേതൃത്വത്തിൽ അടുത്ത വർഷം ജൂലൈയിൽ അരങ്ങേറാനിരിക്കെ, കൺവെൻഷന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ പ്രവാസി ഹിന്ദുക്കളുടെ വരും തലമുറയ്ക്ക് ആത്മീയവഴിയിലൂടെ മുന്നേറാൻ പാകത്തിന് വിവിധങ്ങളായ പരിപാടികളാണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിനായി ഒരു സ്പിരിച്വൽ ഫോറം രൂപീകരിച്ചിട്ടുണ്ട്. പാർത്ഥസാരഥി പിള്ളയാണ് അതിന്റെ കോഓർഡിനേറ്റർ. എല്ലാ വാരാന്ത്യങ്ങളിലും അംഗങ്ങൾക്കായി ആത്മീയ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ പടിയെന്നവണ്ണം ഡോ പദ്മജ പ്രേം നടത്തിയ പ്രഭാഷണം വന് വിജയമായതായി പ്രസിഡണ്ട് നിഷാ പിള്ള പറഞ്ഞു.
അടുത്ത ശനിയാഴ്ച കെ എച് എൻ എ ഓഡിറ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ടാക്സ് അപ്ഡേറ്റ് ആൻഡ് ടാക്സ് പ്ലാനിങ് എന്ന പരിപാടിയായിരിക്കും. അശോക് മേനോൻ സി പി എ, ബാബു ഉത്തമൻ സി പി എ എന്നിവരായിരിക്കും ഇതിനു നേതൃത്വം നൽകുക.
കെ എച് എൻ എ ഒരു ആത്മീയ സംഘടന എന്നതിലുപരി അമേരിക്കയിൽ ജീവിക്കുന്ന അംഗങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ കാര്യങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന പരിപാടികളും പുതു തലമുറയെ സാംസ്കാരികമായി ഉയർത്താനുമുതകുന്ന പരിപാടികൾ വേണം എന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ് ഇത്തരം പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി ഫെബ്രുവരി 4ന് കുട്ടികൾക്കായുള്ള “ലോലി പോപ്” എന്ന പരിപാടിയുടെ ഉത്ഘാടനം നടക്കും. കുട്ടികളും മാതാപിതാക്കളും മുത്തശീ മുത്തശ്ശന്മാരും അടങ്ങുന്ന പരിപാടിയാണ് ഇത്. കുട്ടികൾക്കായി കഥയും കവിതയും മന്ത്രങ്ങളും വഴി പുരാണേതിഹാസങ്ങൾ പരിചയയപ്പെടുത്തിക്കൊടുക്കുന്ന പരിപാടിയാണ് ലോലി പോപ്പ്. ഇതിനോടകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ പരിപാടിയിൽ നൂറ്റിമുപ്പതോളം കുട്ടികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
മറ്റൊന്ന് കെ എച് എൻ എ യുടെ പ്രസിദ്ധീകരണമായ അഞ്ജലിയും സുവനീറും പ്രസിദ്ധീകരിക്കുന്നതിനായി ശ്രീമതി അനഘ സുരേഷിന്റെ നേതൃത്തത്തിൽ കമ്മറ്റി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞതായി ഡോ. നിഷാ പിള്ള അറിയിച്ചു. അതുപോലെതന്നെ കാനഡയിൽനിന്നുള്ള ഡോ സുകുമാറിന്റെ നേതൃത്വത്തിൽ ലിറ്റററി ഫോറം സജീവമായി പ്രവർത്തിക്കാനാരംഭിച്ചതായും അവർ പറഞ്ഞു.
അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കോർത്തിണക്കുന്ന പരിപാടികളുമായി ന്യൂ യോർക്ക് കെച്ച എൻ എ വിരാട് 2025 മുന്നേറുകയാണെന്നും എല്ലാ പരിപാടികളിലും അംഗങ്ങളുടെ പങ്ക് അനിവാര്യമാണെന്നും എസ്സിക്യൂട്ടീവ് കമ്മറ്റി അഭ്യർഥിച്ചു.