സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോൺഫറൻസ് ഫെബ്രുവരി 04 ഞായർ കോഴിക്കോട്, ഫറോക്കിൽ
കോഴിക്കോട് : ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപ്പിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് ഭരണഘടന വിഭാവന ചെയ്ത നീതിപൂർവ്വവും ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഇന്ത്യയിലെ ഓരോ സമുദായങ്ങൾക്കും സാധ്യമാകുക. ഭരണകൂടം ഹിന്ദുത്വ വംശീയതയെ മറയില്ലാതെ നടപ്പാക്കുമ്പോൾ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ അതിനെ പ്രതിരോധിക്കണമെന്നും, മണ്ഡൽ പ്രക്ഷോഭ സന്ദർഭത്തിലുണ്ടായ സാമൂഹിക നീതിക്കായുള്ള കൂട്ടായ്മ വീണ്ടും രൂപപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ,
കോഴിക്കോട് എൻ. ഐ. ടിയലടക്കം ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുന്നതും ഇവിടത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളിൽ നിന്നും തുടർച്ചയായി കൊണ്ടിരിക്കുന്ന നിശബ്ദ മനോഭാവവും ഇത്തരം ഒരു സാമൂഹിക മുന്നേത്തിന്റെ ആവശ്യകതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സാധ്യമാകുക എന്ന ആശയത്തെ മുൻനിർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോൺഫറൻസ് ഫെബ്രുവരി 04 ഞായർ കോഴിക്കോട്, ഫറോക്കിൽ നടക്കും.
ഭരണകൂടവേട്ടക്കും ഹിന്ദുത്വ വംശീയതക്കും എതിരെ വ്യത്യസ്ത സമുദായങ്ങൾ ചേർന്ന് കൊണ്ടുള്ള സാഹോദര്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ഐക്യത്തെ വിഭാവന ചെയ്യുന്ന കോൺഫറൻസ് വംശഹത്യാ രാഷ്ട്രീയത്തിന് ഇരകളായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യ സമ്മേളനം കൂടിയായിരിക്കും. ഗുജറാത്ത് വംശഹത്യക്ക് പിന്നിൽ നരേന്ദ്ര മോദിയാണെന്ന സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ ഹിന്ദുത്വ ഭരണകൂടം ജയിലഴിക്കുള്ളിലാക്കിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുക.
ആഗോളാടിസ്ഥാനത്തിൽ ഗസ്സക്ക് നേരെ വംശഹത്യ തുടർന്ന് കൊണ്ടിരിക്കുന്ന സയണിസ്റ്റ് ശക്തികളും രാമജന്മഭൂമി മൂവ്മെന്റിലൂടെ രാജ്യത്തുടെ നീളം വംശീയ കലാപങ്ങൾ നടത്തി, ബാബരി മസിജിദ് തകർത്ത്, അതിന്റെ മേൽ രാമക്ഷേത്ര നിർമ്മാണമെന്ന വംശീയ രാഷ്ട്ര നിർമ്മിതിയുടെ അടുത്ത ഘട്ടത്തിലേക്ക് നടന്നടക്കുന്ന ഹിന്ദുത്വ ശക്തികളും ഒരുമിച്ച് കൈകോർക്കുന്ന സവിശേഷ സന്ദർഭത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നും വ്യതിരിക്തമായ സമുദായ-വിശ്വാസ ധാരകളിൽ നിലയുറപ്പിക്കുന്നവരാണ്. അവർക്കിടയിലെ സാഹോദര്യം ഒരു മൂവ്മെന്റായി മണ്ഡൽ പ്രക്ഷോഭത്തിലൂടെ ഇന്ത്യയുടെ തെരുവുകളിലേക്ക് പടർന്ന സന്ദർഭത്തിൽ കൂടിയാണ് മുസ്ലിം എന്ന അപരനെ നിർമിച്ച് കൊണ്ട് രാമജന്മഭൂമി മൂവ്മെന്റ് ഉയർന്ന് വരുന്നതും വ്യത്യസ്ത പിന്നാക്ക സമൂഹങ്ങളെ സവർണ്ണ ഹിന്ദുത്വം വ്യാജമായി നിർമ്മിച്ചെടുത്ത ആത്മീയ ധാരയിലേക്ക് അടുപ്പിക്കുന്നതും. ഹിന്ദുത്വം നിർമിച്ച വ്യാജമായ ഹിന്ദു ഏകീകരണമെന്ന വംശീയ പദ്ധതിയെ, വ്യത്യസ്തതമായ ആത്മീയ-സാംസ്കാരിക ധാരകളിലൂടെ രൂപപ്പെട്ട സമുദായങ്ങൾക്കിടയിലെ സാഹോദര്യം എന്ന മണ്ഡൽ മൂവ്മെന്റ് മുന്നോട്ട് വെച്ച ആശയത്തെ വീണ്ടെടുത്ത് കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന കാലഘട്ടത്തിന്റെ ആവശ്യത്തെ മുൻനിർത്തിക്കൂടിയാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.
കേവലം വ്യക്തികളായി മാത്രമല്ല, സമുദായങ്ങളായി നിലനിന്ന് കൊണ്ട് തന്നെ ആത്മാഭിമാനത്തോടെയുള്ള ജീവിതം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കുമടക്കം മുഴുവൻ സാമൂഹി വിഭാഗങ്ങൾക്കും സാധ്യമാകുന്ന, സാമൂഹിക നീതിയിലധിഷ്ടിതമായ ഒരു സാഹോദര്യ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള വലിയ ചുവട് വെപ്പ് കൂടിയാണ് ഡിഗ്നിറ്റി കോൺഫറൻസ്. രണ്ടായിരത്തിലധികം വിദ്യാർത്ഥി-യുവജനങ്ങൾ അണിനിരക്കുന്ന കോൺഫറൻസിൽ ശ്വേതാ ഭട്ട്, ഉമർ ഖാലിദിന്റെ കുടുംബം, വിനായകന്റെ കുടുംബം, ആസിം ഖാൻ, റസാഖ് പാലേരി, എസ്. ഇർഷാദ്, അരുൺ രാജ്, ലീലാ സന്തോഷ്, കണ്ണൻ സിദ്ധാർത്ഥ്, ഹർഷദ്, അൻസാർ അബൂബക്കർ, ഷംസീർ ഇബ്റാഹീം, മുഹ്സിൻ പരാരി, ഡോ. സാദിഖ് പി.കെ, അലൻ ശുഹൈബ്, അരുൺ രാജ്, സിദ്ധീഖ് കാപ്പൻ, ജ്യോതിവാസ് പറവൂർ, ഷമൽ സുലൈമാൻ, ഫായിസ വി.എ, വസീം ആർ.എസ്, നജ്ദ റൈഹാൻ, കെ.വി സഫീർഷാ, അഷ്റഫ് കെ.കെ, റാനിയ സുലൈഖ, ജ്യോതിവാസ് പറവൂർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.