മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി, കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ
കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലിംകൾ. ആത്മീയമായ ഊർജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്‌ലിംകൾ അതിജയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജയിക്കും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങൾ ആയി മനസ്സിലാക്കാൻ ആണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തിൽ ആവാം പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ അവ ആത്യന്തികമായി ആത്മീയ പ്രശ്നങ്ങളാണ്. പ്രാർത്ഥനകൊണ്ടും വിശ്വാസം കൊണ്ടുമാണ് പ്രശ്നങ്ങളെ അതിജയിക്കേണ്ടത്. സ്രഷ്ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വിശ്വാസികളെ നിരാശരാക്കാൻ ആർക്കും കഴിയില്ല. സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്‌ലാമിന്റെ ഭാഷ.
അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്‌ലിംകളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതത്. കാരണം, ആരാധനാ സ്വീകർക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിംകൾ ആരാധനാലയങ്ങൾ പണിതത്. അങ്ങിനെ നിര്ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. മുസ്‌ലിംകളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐകദാർഥ്യം അറിയിക്കുന്നു -ഗ്രാൻഡ് മുഫ്തി പറഞ്ഞു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച സനദ്‌ദാന സമാപന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമായി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മർകസ് 50-ാം വാർഷിക പദ്ധതി നയരേഖ അവതരിപ്പിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കോടമ്പുഴ ബാവ മുസ്‌ലിയാർ, മർഹൂം ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഡോ. മുഹമ്മദ് റോഷൻ നൂറാനി, ശാഫി നൂറാനി, ഫോക്‌ലോർ അവാർഡ് ജേതാവ് അശ്‌റഫ് സഖാഫി പുന്നത്ത് എന്നിവരെ മർകസ് പ്രതിഭാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. രാവിലെ പത്തുമുതൽ സഖാഫി സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, ഖത്മുൽ ബുഖാരി, സഖാഫി ശൂറാ, ദിക്ർ ഹൽഖ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.
സയ്യിദ് ഇബ്രാഹീമുൽ ഖലീല്‍ അൽ ബുഖാരി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഹസ്‌റത്ത് അല്ലാമാ ഷേർ മുഹമ്മദ് ഖാൻ സാഹിബ്, നൗഷാദ് ആലം മിസ്ബാഹി, ഫിർദൗസ് സഖാഫി കടവത്തൂർ സംസാരിച്ചു. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും എൻ അലി അബ്ദുല്ല നന്ദിയും പറഞ്ഞു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബൂഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. പി എം അബ്ദുസ്സലാം, അബ്ദുൽ കരീം ഹാജി ചാലിയം, ഉസ്മാൻ സഖാഫി തിരുവത്ര, മൻസൂർ ഹാജി ചെന്നൈ, ശാബു ഹാജി ചെന്നൈ, സമസ്ത നേതാക്കൾ, ദേശീയ-അന്തർദേശീയ അതിഥികൾ സംബന്ധിച്ചു.