ഹ്യൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) ഈ മാസത്തെ പ്രഥമ യോഗം മത്തായി കെ മത്തായിയുടെ അധ്യക്ഷതയിൽ സ്വഭവനത്തിൽ കൂടി. ശ്രീ.ജോൺ കുരുവിള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു. തുടർന്ന് റവ.ഡോ. ജോബി മാത്യു വചന ശുശ്രൂഷ നിർവഹിച്ചു. എഫേസൃയർ 3 ന്റെ 14 മുതൽ 21 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. നാം അയോഗ്യരായിരുന്നപ്പോഴും നമ്മെ സ്നേഹിച്ച ദൈവത്തിൻറെ സ്നേഹത്തിൻറെ ആഴം നാം അറിയുന്നവർ ആയിരിക്കണം. ക്രിസ്തുവിൻറെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിൻറെ എല്ലാ നിറവിനോളം നിറഞ്ഞു വരികയും, നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന് സഭയിലും, ക്രിസ്തുയേശുവിലും,തലമുറ തലമുറയായും മഹത്വം ഉണ്ടാകട്ടെ എന്ന് റവ.ഡോ. ജോബി മാത്യു തന്റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
80 ആം ജന്മദിനം ആഘോഷിക്കുന്ന പ്രസിഡണ്ട് മത്തായി കെ മത്തായിയെ യോഗത്തിൽ ശ്രീ ബാബു വർഗീസ് പൊന്നാട അണിയിച്ച് ആദരിച്ചു.
വിവിധ സഭാ വിഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികൾ തങ്ങളുടെ സാക്ഷ്യങ്ങളും, ഒപ്പം ജന്മദിന ആശംസകളും പങ്കുവെച്ചു.
റവ.പി.വി. തോമസ് പ്രാർത്ഥിക്കുകയും, റവ.ജേക്കബ് ജോർജ് ആശിർവാദം നിർവഹിക്കുകയും ചെയ്തു. യു.സി. എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ട്രഷറർ പി.ഐ. വർഗീസ് നന്ദി പ്രകാശനം നടത്തി. മത്തായി കെ മത്തായിയുടെ ഭാര്യ മോളി, മക്കൾ ജെൻസൺ, ജാസ്മിൻ ഒപ്പം കൊച്ചുമക്കളും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ നൂറിലധികം പേർ സംബന്ധിച്ച യോഗം സമംഗളം പര്യവസാനിച്ചു.