കൊച്ചി: യു.പി വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി കൊടുത്ത വരാണസി ജില്ല കോടതിവിധി നഗ്നമായ നിയമ ലംഘനമാണെന്നും വിധി ഉടൻ റദ്ദ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ. എച്ച്. സദഖത്ത്. മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ കയ്യേറ്റങ്ങൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991 ലെ ആരാധനാലയ നിയമം കീഴ്കോടതി നേർക്കു നേരെ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. സമൂഹത്തിൽ നിയമവും നീതിയും ഉയർത്തിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ട നീതിന്യായ സംവിധാനങ്ങൾ തന്നെ നിയമ ലംഘനങ്ങൾക്ക് മേലൊപ്പ് ചാർത്തുന്നത് ചോദ്യം ചെയ്യപ്പെടണം. മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള ഹിന്ദുത്വ കൈയേറ്റങ്ങൾ ഇന്ത്യയിൽ തുടർക്കഥയാവുന്നത് അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളും സമുദായ സംഘടനകളും തെരുവിലിറങ്ങണം. ബാബരി മസ്ജിദ് ധ്വംസനത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തനിപ്പകർപ്പാണ് ഇപ്പോൾ ഗ്യാൻവാപി മസ്ജിദ് വിഷയത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നും ഇന്ത്യയിലെ പൗരസമൂഹവും ജനാധിപത്യ – മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഇത്തരം കുതന്ത്രങ്ങളെ തുറന്നെതിർത്ത് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ മൗനം സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിന് ശക്തി പകരുകയാണ് ചെയ്യുക എന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, സെക്രട്ടറി നിസാർ കളമശ്ശേരി, വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജാസ്മിൻ സിയാദ് എന്നിവർ സംസാരിച്ചു. പാർട്ടി മണ്ഡലം പ്രസിഡണ്ടുമാരായ വി.കെ. അലി, മുസ്തഫ പള്ളുരുത്തി, ആഷിക് കൊച്ചി, എൻ. കെ. സിറാജുദ്ദീൻ, ജലാലുദ്ദീൻ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.