ഫെബ്രുവരി അവസാനത്തോടെ ഇസ്രായേലി മിലിട്ടറി ടെക്നോളജി കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായി കമ്പനി ഒപ്പുവെച്ച കരാർ അവസാനിപ്പിക്കുമെന്ന് ഇറ്റോച്ചു കോർപ്പറേഷൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുയോഷി ഹച്ചിമുറ അറിയിച്ചു.
ഗാസയിൽ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനാൽ അന്താരാഷ്ട്ര വിമർശനങ്ങൾക്കും ലോകമെമ്പാടുമുള്ള ബഹിഷ്കരണത്തിനും സാധ്യത കണക്കിലെടുത്താണ് സഹകരണം അവസാനിപ്പിക്കാനുള്ള ജാപ്പനീസ് കമ്പനിയുടെ തീരുമാനമെന്ന് മാധ്യമ റിപ്പോർട്ടുകൾ പ്രസ്താവിച്ചു.
ഡിസംബറിൽ, ഇസ്രായേലുമായുള്ള കമ്പനിയുടെ ഇടപാടുകളിൽ പ്രതിഷേധിച്ച് നിരവധി ഗ്രൂപ്പുകൾ ടോക്കിയോയിലെ ഇറ്റോചുവിൻ്റെ ആസ്ഥാനത്തിന് മുന്നിൽ പ്രകടനം നടത്തിയിരുന്നു. സമാധാനവാദികളും തോക്ക് വിരുദ്ധ കൂട്ടായ്മകളും ആരംഭിച്ച പ്രചാരണത്തിൽ അവർ ഇസ്രായേലിനെ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു.
ജപ്പാൻ്റെ “സമാധാന ഭരണഘടന” ഉദ്ധരിച്ച് അവർ ഇറ്റോച്ചു ഏവിയേഷൻ, പ്രതിരോധ വ്യവസായത്തിനുള്ള ഘടകങ്ങളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഇസ്രായേലി കമ്പനിയായ എൽബിറ്റ്, നിപ്പോൺ എയർക്രാഫ്റ്റ് എന്നിവ തമ്മിലുള്ള കരാറിനെ അപലപിച്ചു.
ജപ്പാൻ്റെ സുരക്ഷയ്ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇറ്റോച്ചു എൽബിറ്റ് സിസ്റ്റങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ഹച്ചിമുറ പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ തങ്ങള് ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രായേലിനോട് ഉത്തരവിട്ടുകൊണ്ട് ജനുവരി 26 ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു.
“അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പങ്കിനുള്ള ജാപ്പനീസ് സർക്കാരിൻ്റെ പിന്തുണ കണക്കിലെടുത്ത്, ധാരണാപത്രവുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങൾ ഇതിനകം താൽക്കാലികമായി റദ്ദു ചെയ്തിരിക്കുന്നു,” ഹച്ചിമുറ പറഞ്ഞു.