ഐ.പി.എച്ച് പുസ്തകമേളക്ക് മലപ്പുറം ടൗൺഹാളിൽ തുടക്കം
മലപ്പുറം: ചരിത്രം തിരുത്തിയെഴുതുകയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഭാവനകൾ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സത്യാനന്തര കാലത്ത് സത്യം ഉറക്കെ വിളിച്ചു പറയുന്ന ഐ.പി.എച്ച് പോലുള്ള പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ.
മലപ്പുറം ടൗൺഹാളിൽ നാലു ദിവസം നീണ്ടുനില്കുന്ന ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്റെ ബുക്ക് ഫെസ്റ്റിവൽ ഉദ്ഘാടന സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിച്ചു കൊണ്ട് രാജ്യത്ത് ഇസ്ലാമോഫോബിയ വളർത്തുന്നത് തടയിടാൻ ശരിയായ വിജ്ഞാനം പ്രചരിപ്പിച്ചു കൊണ്ട് ഐ.പി.എച്ച് നടത്തുന്ന സേവനങ്ങൾ മഹത്തരമാണ്. കേരളീയ ജനതക്ക് ഇസ്ലാമിന്റെ ബഹുമുഖമായ സന്ദേശങ്ങൾ എത്തിക്കുന്നതിലും ഐ.പി.എച്ച് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എം.എൽ.എ പി ഉബൈദുല്ല മേള ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളിയുടെ വായനാ സംസ്കാരത്തെ ഉദ്വീപിപ്പിക്കുന്നതിൽ ഐ.പി.എച്ച് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. പുസ്തകമേള ഐ.പി.എച്ചിന്റെ മുന്നോട്ടുള്ള കുതിപ്പിന്ന് കരുത്ത് പകരുമെന്ന് അദ്ദേഹം ആശംസിച്ചു. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് ശമീം രചിച്ച രക്ത സാക്ഷികൾ ഉറങ്ങുന്നിടം സയണിസവും വംശീയതയും ഒരു പഠനം, യാസിർ ഖുതുബ് രചിച്ച നമുക്ക് നേടാം സാമ്പത്തിക സ്വാതന്ത്യം എന്നീ രണ്ട് പുസ്തകങ്ങൾ ചരിത്ര പണ്ഡിതൻ ഡോ കെ.എസ് മാധവൻ പ്രകാശനം ചെയ്തു ഫൈസൽ ഹുദവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. നഹാസ് മാള, സി.ടി സുഹൈബ്, ടി.കെ മുഹമ്മദ് സഈദ്, മുഹമ്മദ് ശമീം, യാസിർ ഖുതുബ് സംസാരിച്ചു. കെ.പി അബൂബക്കർ സ്വാഗതവും മൂസ മുരിങ്ങേക്കൽ നന്ദിയും പറഞ്ഞു. അൽജാമിഅ വിദാർഥികൾ അവതരിപ്പിക്കുന്ന ‘യു.എൻ സ്പോർട്സ് ക്ലബ്’ നാടകം അരങ്ങേറി.
നാളെ വൈകുന്നേരം 4 മണിക്ക് ‘ഖിലാഫത്താനന്തരം മുസ്ലിം 100 വർഷങ്ങൾ’ മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ്മാൻ ഉൽഘാടനം ചെയ്യും. മാപ്പിള കവി യു.കെ അബുസഹ് ലയുടെ പാട്ടുകളുടെ അവതരണവും ഉണ്ടാകും.
വായനയുടെ വിശാല ലോകം തുറന്നിട്ട് ഐ.പി.എച്ച് പുസ്തക മേളക്ക് തുടക്കം
മലപ്പുറം: വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ഐ.പി.എച്ച് പുസ്തകോത്സവത്തിന് മലപ്പുറം ടൗൺഹാളിൽ പ്രൗഢമായ തുടക്കം.
രാവിലെ 10 മണി മുതൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും മേള സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങാനും എത്തി.
കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂളിലെ കുട്ടികളാണ് ആദ്യം മേളയിലെത്തിയത്. തങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ നല്ല ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാൻ കഴിഞ്ഞുവെന്ന് സ്കൂൾ വിദ്യാർഥിനി സൈനബും അവളുടെ കൂട്ടുകാരികളും പറഞ്ഞു. ഇതുപോലുള്ള മേളകൾ വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുമെന്ന് അതേ സ്കൂളിലെ കുട്ടിയായ വസീൻ അഭിപ്രായപ്പെട്ടു.
പെരിന്തൽമണ്ണയിൽ നിന്നെത്തിയ മോഹനും പ്രതിശ്രുത വധു നീനയും മേളയെക്കുറിച്ച് സന്തോഷം രേഖപ്പെടുത്തി.
ഇത്ര വിപുലമായ ഒരു പുസ്തക പ്രദർശനം ആദ്യമായാണ് മലപ്പുറത്ത് നടക്കുന്നത്. നാല്പതിലധികം പ്രസാധകരുമായി സഹകരിച്ചാണ് ഐ.പി.എച്ച് ഈ മെഗാ മേള സംഘടിപ്പിച്ചിട്ടുള്ളത്. നാല് ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയും സാംസ്കാരിക സദസ്സുമാണ് നടക്കുന്നത്. പുസ്തക പ്രകാശനം, ചർച്ച, സംവാദം, പ്രഭാഷണം, ഇശൽ സന്ധ്യ, നാടകം, ക്വിസ് മൽസരം, കലാ സന്ധ്യ എന്നിവ മേളയോടനുബന്ധിച്ച് നടക്കും. മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.