ന്യൂയോർക്ക്: ഗാസ മുനമ്പിൻ്റെ മധ്യമേഖലയിലും ഈജിപ്തിൻ്റെ അതിർത്തിയിലെ തെക്കൻ നഗരമായ റാഫയിലും വെള്ളിയാഴ്ച രാത്രിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളും ആശുപത്രി അധികൃതരും പറഞ്ഞു.
ഇസ്രയേലിൻ്റെ യുദ്ധ പെരുമാറ്റം “അതിരു കവിഞ്ഞു” എന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യാഴാഴ്ച പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഒറ്റ രാത്രികൊണ്ട് വ്യോമാക്രമണം നടന്നത്.
സമവായത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത വർദ്ധിക്കുന്നത് കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രായേൽ വിട്ടു.
ഗാസയിലെ 2.3 മില്യൺ ജനസംഖ്യയുടെ പകുതിയിലധികവും, ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രണത്താല്‍ ഈജിപ്തുമായുള്ള അതിർത്തിയിലേക്ക് പലായനം ചെയ്യുകയാണ്. ചെറിയ പലസ്തീൻ പ്രദേശം വിട്ടുപോകാൻ കഴിയാതെ, പലരും താൽക്കാലിക ടെൻ്റ് ക്യാമ്പുകളിലോ യുഎൻ നടത്തുന്ന അഭയകേന്ദ്രങ്ങളിലോ താമസിക്കുന്നു.
യുദ്ധത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 27,840 കവിഞ്ഞതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ നിവാസികളിൽ നാലിലൊന്ന് പേരും പട്ടിണിയിലാണ്.