പാലക്കാട്. വളാഞ്ചേരിയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പാലക്കാട് വിളയൂർ സ്വദേശി റംഷീനയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. നൽകിയ സ്ത്രീധനം പോരാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്ന സ്കൂൾ അധ്യാപകനായ ഫൈസലിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെട്ടതാണ് റംഷീനയുടെ മരണത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോലീസ് ഉർജ്ജിത അന്വേഷണം നടത്തി മകളുടെ മരണത്തിനു കാരണം പുറത്ത് കൊണ്ട് വരണമെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നതുമാണ് കുടുംബത്തിന്റെ അവശ്യം.
10 ഉം 5 ഉം പ്രായമുള്ള 2 കുട്ടികളുടെ മാതാവായ റംഷീന 2024 ജനുവരി 25 നാണ് സംശയാസ്പദമായ രീതിയിൽ ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ടത്.
ആക്ഷന് കൗൺസിൽ രൂപീകരിച്ച് സമര, നിയമ പോരാട്ടത്തിന് തയ്യാറെടുക്കുന്ന കുടുംബത്തിന് വിമൻ ജസ്റ്റിസ് പിന്തുണ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചറുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ റംലത്ത് പട്ടാമ്പി, ഫൗസിയ അബുലൈസ്, പട്ടാമ്പി മണ്ഡലം കൺവീനർ ഷഹർ ബാൻ അസിസ്റ്റന്റ് കൺവീനർ നുസ്രത് എന്നിവരാണ് സന്ദർശിച്ചത്.