ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 2024 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം കൗണ്‍സിലിന്റെ രക്ഷാധികാരിയായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെബ്രുവരി 24-ന് നിര്‍വ്വഹിക്കും.
അതോടൊപ്പം എല്ലാ വര്‍ഷവും നടത്താറുള്ള ‘വേള്‍ഡ് ഡേ ഓഫ് പ്രയര്‍’ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (710N. Main St., Lombard, IL 60148) വെച്ച് നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ ബിനു അജിത് ‘I beg you…. Bear with one Another in Love’Ephesians4:1-3’ എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഘോഷണം നടത്തും. പലസ്തീന്‍ രാജ്യം ആണ് ഈ വര്‍ഷത്തെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വിവിധ തരത്തിലുള്ള വിഷമ ഘട്ടങ്ങളില്‍കൂടി മാനവജാതി മുന്നോട്ടു നീങ്ങുമ്പോള്‍, ലോക സമാധാനത്തിനും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും, പകര്‍ച്ചവ്യാധികളുടെ ശമനത്തിന് വേണ്ടിയും അല്‍പ സമയം വേറിട്ട് പ്രാര്‍ത്ഥിക്കുവാന്‍ ഷിക്കാഗോയിലെ ക്രിസ്തീയ വിശ്വാസികള്‍ ഒന്നായി ചേരുന്ന നിമിഷങ്ങള്‍ ആണ് ഈ പ്രാര്‍ത്ഥനാ സംഗമം.
16 ദേവാലയങ്ങളില്‍ ഉള്‍പ്പെട്ട വിശ്വാസികളുടെ കൂട്ടായ്മയാണ് എക്യൂമെനിക്കല്‍ പ്രസ്ഥാനം. ഈ വര്‍ഷത്തെ ലോക പ്രാര്‍ത്ഥനാ ദിനത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ വനിതാ ഫോറം അംഗങ്ങള്‍ പാട്ട്, വേദപുസ്തക പാഠം വായന, പ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും വേണ്ടിയുള്ള ഈ സംരംഭം എത്രയും നല്ല രീതിയില്‍ ഉപയോഗ പ്രദം ആക്കേണം എന്ന് പ്രസിഡന്റ് വെരി റവ. സ്‌കറിയ തേലപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പാസ് ഓര്‍മ്മിപ്പിച്ചു.
ആതിഥേയത്വം നല്‍കുന്ന സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ വികാരിയും വേള്‍ഡ് ഡേ പ്രയറിന്റെ ചെയര്‍മാനുമായ റവ. അജിത് കെ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീമതി സാറ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – വെരി. റവ. സ്‌കറിയ തേലപ്പിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പാ 224 217 7846, സെക്രട്ടറി – പ്രേംജിത് വില്യം 847 962 1893, ട്രഷറര്‍ – ജേക്കബ് ജോര്‍ജ് 630 440 9985, കണ്‍വീനര്‍ – ശ്രീമതി സാറ വര്‍ഗീസ് 847 749 5140.