ഒട്ടാവ: കാനഡയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനായ ട്രക്ക് ഡ്രൈവര്‍ ഗഗന്‍ദീപ് സിംഗിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഏകദേശം 8.7 മില്യൺ യു എസ് ഡോളര്‍ മൂല്യമുള്ള കൊക്കെയ്നാണ് ഇയാള്‍ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ പറഞ്ഞു.
വിൻഡ്‌സർ-ഡിട്രോയിറ്റ് ബോർഡർ ക്രോസിംഗിലാണ് ഗഗന്‍ദീപ് സിംഗ് പിടിയിലായത്. നിയന്ത്രിത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി രേഖകൾ പ്രകാരം, ഫെബ്രുവരി 5 ന് ഡിട്രോയിറ്റിലെ അംബാസഡർ ബ്രിഡ്ജിൽ സിബിപി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ‘വൻതോതിലുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയുമായി’ ഗഗന്‍ദീപ് സിംഗിനെ ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യൻ പൗരനും കാനഡയില്‍ സ്ഥിര താമസക്കാരനുമായ ഗഗന്‍ദീപ് സിംഗ് ഓടിച്ചിരുന്ന് ട്രക്ക് യു എസ് കാനഡ അതിര്‍ത്തിയായ വിന്‍ഡ്സര്‍-ഡിട്രോയിറ്റ് പാലത്തിലുള്ള ടോള്‍ പ്ലാസയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ മുന്നോട്ടു പോയപ്പോഴാണ് സിബിപി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രാൻസ്പോർട്ട് ട്രെയിലറിൽ ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത 13 കാർഡ്ബോർഡ് ബോക്സുകൾ അധികൃതർ കണ്ടെത്തിയതിനെത്തുടർന്ന് CBP K-9 ടീമിലെ നായകളാണ് “നിയന്ത്രിത വസ്തുക്കളുടെ ഗന്ധത്തെക്കുറിച്ച് മുന്നറിയിപ്പ്” നല്‍കിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിൻ്റെ (HSI) ഏജൻ്റ് പറഞ്ഞു.
പരിശോധനയില്‍ പിടിച്ചെടുത്ത 290 കിലോഗ്രാം “വെളുത്ത പൊടി” കൊക്കെയ്ൻ ആണെന്ന് കണ്ടെത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏജൻ്റ് വെളിപ്പെടുത്തി. ഇതിന്റെ മൂല്യം ഏകദേശം 8,700,000 കനേഡിയൻ ഡോളറാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കത്രികയും ഡക്‌ട് ടേപ്പും വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. കൂടാതെ, കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) അഡ്വാൻസ്ഡ് കൊമേഴ്‌സ്യൽ ഇൻഫർമേഷന്റെ (എസിഐ) സീല്‍ ഡാഷ്‌ബോർഡിലെ ഫ്യൂസ് ബോക്സില്‍ ഒളിപ്പിച്ചു വെച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഫെബ്രുവരി ഏഴിന് ഡിട്രോയിറ്റിലെ കോടതിയിൽ ഇയാളെ ഹാജരാക്കി. ഇതുവരെ ആരോപണങ്ങളൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.