കണ്ണൂർ ലോക്സഭാ സ്ഥാനാർത്ഥിയാകാന്‍ ഡല്‍ഹിയിലെ കോൺഗ്രസ് നേതാവ് രാജീവ് ജോസഫും രംഗത്ത്

കണ്ണൂർ : ലോക്സഭാ സ്ഥാനാർത്ഥികളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തിരക്കിട്ട ചർച്ചകൾ നടക്കുമ്പോൾ കണ്ണൂരിലേയും ആലപ്പുഴയിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെയാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ സീറ്റിനായി വടംവലി മുറുകുകയാണ്. സീറ്റിനുവേണ്ടി കണ്ണൂരിലേയും കോഴിക്കോട്ടെയും അര ഡസനോളം നേതാക്കൾ ചരടുവലികൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയും ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെൽ ചെയർമാനുമായ രാജീവ് ജോസഫ് കണ്ണൂർ പോർക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്.

ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഡെൽഹിയിൽ നിരന്തര പോരാട്ടങ്ങൾ നടത്തുന്ന രാജീവ് ജോസഫിനെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും നല്ലതെന്ന് സോഷ്യൽ മീഡിയകളിൽ ചർച്ച നടക്കുന്നു. മോദിയോടും അമിത്ഷായോടുമൊക്കെ രാഷ്ട്രീയമായി ഏറ്റുമുട്ടാൻ ചങ്കൂറ്റമുള്ള നേതാക്കളാണ് പാർലമെന്റിൽ എത്തിച്ചേരേണ്ടതെന്ന് കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു. “ഗ്രൂപ്പ് സമവാക്യങ്ങളും, വീതം വെക്കലുകളും, ജാതിയും മതവുമെല്ലാം നോക്കി ആരെയെങ്കിലുമൊക്കെ എം.പിമാരാക്കി പാർലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് യാതൊരു കാര്യവുമില്ല. ആർ.എസ്സ്.എസ്സിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളെ ധൈര്യപൂർവ്വം നേരിടാനുള്ള മനഃക്കരുത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ എന്നുമാത്രമല്ല, ഇന്ത്യയിൽത്തന്നെ വിരളമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന രഹസ്യ അജണ്ടകളും അക്രമങ്ങളും രാജ്യമെമ്പാടും പെരുകിവരുമ്പോൾ, അതിനെതിരെ ആർജ്ജവത്തോടെ പ്രതികരിക്കാനും പ്രവർത്തിക്കാനും എത്ര കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലുണ്ട് ? എത്ര നേതാക്കൾ കേരളത്തിലുണ്ട് ?”. ഈ സാഹചര്യത്തിലാണ്, ബിജെപിക്കെതിരെ ഡെൽഹിയിൽ അതിശക്തമായ പോരാട്ടങ്ങൾ നടത്തുന്ന രാജീവ് ജോസഫിനെ കണ്ണൂരിലെ സ്ഥാനാർത്ഥിയാക്കുവാൻ കെ.പി.സി.സി നേതൃത്വം ആലോചിക്കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

“മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഡെൽഹിയിൽ രാജീവ് ജോസഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇ.ഡിയെ ഇറക്കിവിടാൻ പോലും കേന്ദ്രസർക്കാർ തയ്യാറായത്. രാജീവ് ജോസഫിന്റെ രാഷ്ട്രീയ തന്ത്രങ്ങളും പ്രവർത്തനങ്ങളും മോദി ഭരണകൂടത്തിന് ഭീഷണിയാണെന്ന് ബിജെപിക്ക് ബോധ്യമായതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടക്കുന്ന ഇ.ഡി അന്വേഷണങ്ങളെന്ന്” കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. രാജീവ് ജോസഫിനെ രണ്ട് പ്രാവശ്യം ചോദ്യം ചെയ്തിട്ടും ഒരു നയാപൈസപോലും അദ്ദേഹം സമ്പാദിച്ചതായി ഇ.ഡി കണ്ടെത്തിയില്ല. ഇനി വേറെ ഏതെങ്കിലും കാരണങ്ങൾ ഉണ്ടാക്കി അദ്ദേഹത്തെ പൂട്ടാൻ പറ്റുമോയെന്നാണ് ഇ.ഡി ഇപ്പോൾ റിസേർച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ കുറ്റപ്പെടുത്തി. “രാജീവ് ജോസഫിന്റെ പൊളിറ്റിക്കൽ ആംപിയർ എന്താണെന്ന് ഡെൽഹിയിലെ ബിജെപി നേതാക്കൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഈ യാഥാർഥ്യം കേരളത്തിലെ കോൺഗ്രസ് നേതാക്കളും മനസ്സിലാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

“കെ.സുധാകരൻ കണ്ണൂർ ലോക്സഭയിൽ മത്സരിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ, കണ്ണൂർക്കാരനായ രാജീവ് ജോസഫിനെ കണ്ണൂർ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതാണ് ദേശീയതലത്തിൽ കോൺഗ്രസ്സിന് ഗുണം ചെയ്യുന്നത്. കെ സുധാകരന് പകരം മറ്റ് പല നേതാക്കളുടേയും പേരുകൾ മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. അവരെല്ലാം മോശക്കാരാണെന്ന് പറയുന്നില്ല. എന്നാൽ, മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാട്ടങ്ങൾ നടത്തുവാൻ രാജീവ് ജോസഫ് കാണിക്കുന്ന ആർജ്ജവവും ഇച്ഛാശക്തിയും കെ.പി.സി.സി – എ.ഐ.സി.സി നേതൃത്വം ഗൗരവമായി കാണണമെന്ന്” കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. .

“അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ, ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമൊക്കെ അപകടത്തിലാകുമെന്ന് രാജ്യത്തുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളും രാജ്യമെമ്പാടും ചർച്ച ചെയ്യുന്നുണ്ട്. ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ പാർലമെന്റിൽ എത്തേണ്ടത്, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാൻ ചങ്കൂറ്റമുള്ള എം.പിമാരാണ്. അതിനുപറ്റിയ രാഷ്ട്രീയ പോരാളിയാണ് രാജീവ് ജോസഫ് എന്ന്, അദ്ദേഹത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ തെളിയിച്ചതായി കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

വോട്ടിങ് യന്ത്രങ്ങളിലെ അട്ടിമറിക്കെതിരെ “ഇ.വി.എം ഛോടോ – ബാലറ്റ് ലാഓ” എന്ന ക്യാമ്പയിൻ ഒരു വർഷം മുൻപ് രാജീവ് ജോസഫ് ആരംഭിച്ചപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ കണ്ണിൽ കരടായി അദ്ദേഹം മാറിയത്. കൂടാതെ, രാജ്യത്തുള്ള മുഴുവൻ ബിജെപി വിരുദ്ധ പാർട്ടികളേയും അണിനിരത്തി “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ” രാജ്യം മുഴുവൻ സംഘടിപ്പിക്കുവാൻ രാജീവ് ജോസഫ് ഇറങ്ങിത്തിരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കണ്ണൂരിൽ തുടക്കം കുറിച്ച ഈ “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ” എറണാകുളത്തും ഡെൽഹിയിലുമൊക്കെ പല പ്രാവശ്യം സംഘടിപ്പിച്ചിരുന്നു. മോദി സർക്കാരിനെതിരെ രാജീവ് ജോസഫ് നടത്തിയ ഈ പ്രവർത്തനങ്ങളെല്ലാം നിരവധി രാഷ്ട്രീയ പ്രതിസന്ധികളെ മറികടന്നുകൊണ്ടായിരുന്നു. ഇസ്രായേൽ – പാലസ്തീൻ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ യുദ്ധത്തിനെതിരെ ഡെൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ഡെൽഹി പോലീസ് അനുവദിച്ചിരുന്നില്ല. ഡെൽഹി പോലീസിന്റെ വിലക്കിനെ മറികടന്ന് രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഡെൽഹിയിൽ നടന്ന പ്രധിഷേധ മാർച്ചും ധർണ്ണയുമൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചങ്കൂറ്റമാണ് വ്യക്തമാക്കുന്നത്.

1985-ൽ, തന്റെ പതിനാറാമത്തെ വയസ്സിൽ മതസൗഹാർദ്ദ സന്ദേശങ്ങളുമായി ഇന്ത്യ മുഴുവൻ സൈക്കിളിൽ യാത്ര നടത്തിയ വ്യക്തിയാണ് രാജീവ് ജോസഫ്. ലോകസമാധാനം, നിരായുധീകരണം, ഡെമോക്രാറ്റിക്‌ വേൾഡ് ഗവണ്മെന്റ് എന്ന സന്ദേശങ്ങളുമായി, 1987-ൽ, പതിനെട്ടാമത്തെ വയസ്സിൽ രാജീവ് ജോസഫ് തുടക്കം കുറിച്ച “ലോക സൈക്കിൾ പര്യടനം” ഉത്‌ഘാടനം ചെയ്തത് മുൻ രാഷ്‌ട്രപതി ഡോ.ശങ്കർ ദയാൽ ശർമ്മയായിരുന്നു. ചെറുപ്പം മുതൽ ഇന്നുവരെ അദ്ദേഹം നടത്തിയിട്ടുള്ള പല പരിപാടികളും സമാനതകൾ ഇല്ലാത്തതാണ്.

38 വർഷമായി ഡെൽഹി രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന രാജീവ് ജോസഫ്, ഇക്കാലമത്രയും നടത്തിയ രാഷ്ട്രീയ പ്രവർത്തനങ്ങളും പോരാട്ടങ്ങളും പ്രധാനമായും ബിജെപിക്കെതിരെയായിരുന്നു. ഡെൽഹി കൂടാതെ, ഉത്തർ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊക്കെ ബിജെപിക്കെതിരെ പ്രവർത്തിച്ച രാഷ്ട്രീയ പാരമ്പര്യം രാജീവ് ജോസഫിനുണ്ട്. ആർ.എസ്സ്.എസ്സിന്റേയും ബിജെപിയുടേയും രാഷ്ട്രീയ തന്ത്രങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൃത്യമായി പഠിച്ച ചുരുക്കം മലയാളി കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് രാജീവ് ജോസഫ്. ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഡെൽഹിയിൽ പോരാട്ടങ്ങൾ നടത്തുവാൻ ഏറ്റവും അനുയോജ്യനായ കോൺഗ്രസ് നേതാവാണ് രാജീവ് ജോസഫ് എന്ന യാഥാർഥ്യം കെ.പി.സി.സി നേതാക്കൾ തിരിച്ചറിയണമെന്ന് കോൺഗ്രസ് പ്രവർത്തകർ ഓർമ്മിപ്പിച്ചു.

“അടുത്ത ലോക്സഭയിലേക്ക് കോൺഗ്രസ് പറഞ്ഞയക്കേണ്ടത് മോദിക്കെതിരെ പടപൊരുതാൻ കരുത്തും ഇച്ഛാശക്തിയുമുള്ള പോരാളികളെയാണ്. അത് മറന്ന്, ഇഷ്ടക്കാരേയും പാർശ്വവർത്തികളേയുമൊക്കെ സ്ഥാനാർത്ഥികളാക്കി കോൺഗ്രസ്സിന്റെ ശക്തി ദുർബലമാക്കരുത്. മോദിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുവാൻ രാജീവ് ജോസഫിനെക്കാളും ധൈര്യമുള്ള മറ്റൊരു സ്ഥാനാർത്ഥി കണ്ണൂരിൽ ഉണ്ടെന്ന് തോന്നുന്നില്ല. അഭിപ്രായ വിത്യാസങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളുമൊക്കെ മാറ്റിവെച്ച്, ബുദ്ധിപൂർവ്വം തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. നമുക്ക് ഡെൽഹിയിൽ വേണ്ടത്, ഡെൽഹി രാഷ്ട്രീയത്തിന്റെ സകല അടവുകളും അറിയാവുന്ന രാഷ്ട്രീയ നേതാക്കളെയാണ്. 38 വർഷമായി ഡെൽഹി രാഷ്ട്രീയത്തിന്റെ അകവും പുറവും തിരിച്ചറിയാവുന്ന രാജീവ് ജോസഫിന്റെ രാഷ്ട്രീയ പരിചയവും പോരാട്ട വീര്യവും കോൺഗ്രസ് പാർട്ടി ഉപയോഗപ്പെടുത്തണമെന്ന് ഡി.പി.സി.സി സൗത്ത് ഇന്ത്യൻ നേതാക്കളായ എം. മനുപ്രസാദ്‌, സ്കറിയാ തോമസ്, ബാലഗോപാൽ, പി.ജെ തോമസ്, ചെറിയാൻ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹിയിലെ ഏഴു സീറ്റിലും ബിജെപിയെ പരാജയപ്പെടുത്തുവാൻ വേണ്ടി കഴിഞ്ഞദിവസം എ.ഐ.സി.സി രൂപം കൊടുത്ത അറുപത്തിരണ്ട് അംഗ “ഇലക്ഷൻ മാനിഫെസ്റ്റോ കമ്മിറ്റിയിലേക്ക്” ദക്ഷിണേന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് രാജീവ് ജോസഫ്. ഡെൽഹിയാണ് രാജീവിന്റെ രാഷ്ട്രീയ തട്ടകമെങ്കിലും ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെല്ലിന്റെ ചെയർമാനെന്ന നിലയിൽ കേരളാ രാഷ്ട്രീയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

“ആർ.എസ്സ്.എസ്സിന്റെ കുടില തന്ത്രങ്ങൾക്കെതിരെ ആർജ്ജവത്തോടെ പടപൊരുതാൻ ത്രാണിയുള്ള നേതാക്കളെയാണ് പാർലമെന്റിലേക്ക് പറഞ്ഞയക്കേണ്ടത്. അതിനുപറ്റിയ ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് രാജീവ് ജോസഫ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഗൗരവമായി ചിന്തിക്കുക; ബുദ്ധിപൂർവ്വം തീരുമാനമെടുക്കുക. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ രാജീവ് ജോസഫിനെ പിന്തുണക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ അഭ്യർത്ഥിച്ചു.

“ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുവാൻ പാർലമെന്റിലേക്ക് നമ്മൾ പറഞ്ഞയക്കേണ്ടത്, വീറും വാശിയും ചങ്കൂറ്റവുമുള്ള രാഷ്ട്രീയ പോരാളികളെയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഫലമായി ജയിലിൽ പോകേണ്ടിവന്നാൽ, ഇടിമുഴക്കത്തോടെ “വന്ദേ മാതരം” വിളിച്ച് ജയിലിൽ പോകാൻ ധൈര്യമുള്ളവരെ മാത്രം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കണം. അല്ലെങ്കിൽ ഈ രാജ്യവും ജനതയും വർഗ്ഗീയ ശക്തികൾക്കുമുന്നിൽ അടിയറവ് വെക്കേണ്ടിവരുന്ന കാലം വിദൂരമല്ല”; കോൺഗ്രസ് പ്രവർത്തകർ ഓർമ്മിപ്പിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News