തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച സൈൻ ബോർഡുകളും ഫ്ലെക്‌സ് ബോർഡുകളും പ്രദർശിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് (ഫെബ്രുവരി 12 തിങ്കളാഴ്‌ച) നിയമസഭയിലാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം നപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മറുപടി പറയുന്നതിനിടെ ഇടപെട്ട് വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“പൊതുവിതരണ സംവിധാനവും റേഷൻ കടകളും കേരളത്തിൽ പണ്ടുമുതലേ നിലവിലുണ്ട്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്, ഇത് പ്രചാരണത്തിന് ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അഭൂതപൂർവമായ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഞങ്ങൾ നിർദ്ദേശം നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കും,” മുഖ്യമന്ത്രി പറഞ്ഞു.
10,000 റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും (എഫ്‌സിഐ) ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി മന്ത്രി ജി ആർ അനിൽ നേരത്തെ സഭയെ അറിയിച്ചിരുന്നു. 550 റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ സെൽഫി പോയിൻ്റുകൾ സ്ഥാപിക്കാനും, കേന്ദ്ര സർക്കാരിൻ്റെ ബ്രാൻഡിലുള്ള ക്യാരി ബാഗുകൾ ഉപഭോക്താക്കൾക്ക് നൽകാനും നിര്‍ദ്ദേശമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കിലോയ്ക്ക് 29 രൂപയ്ക്ക് ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും അനിൽ വിമർശിച്ചു.
സംസ്ഥാന സർക്കാർ എഫ്‌സിഐയിൽ നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഒഎംഎസ്എസ്) വഴി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 24 രൂപ നിരക്കിൽ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒഎംഎസ്എസ് വഴി സംസ്ഥാനം അരി വാങ്ങുന്നത് തടയാൻ മാനദണ്ഡങ്ങൾ മാറ്റി കേന്ദ്ര സർക്കാർ ഈ വിപണി ഇടപെടൽ ശ്രമത്തെ തടഞ്ഞു. തുടർന്ന് സംസ്ഥാനത്തിൻ്റെ പൊതുവിതരണ സംവിധാനത്തെയും റേഷൻ കടകളെയും മറികടന്ന് മറ്റ് ഔട്ട്‌ലെറ്റുകൾ വഴി ഭാരത് ബ്രാൻഡ് അരി വിതരണം ചെയ്യാൻ തുടങ്ങി. ഈ ഔട്ട്‌ലെറ്റുകൾ വഴി അർഹരായ എല്ലാവർക്കും ധാന്യം ഉറപ്പായ അളവിൽ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാരിന് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 43% പേർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ബാക്കി 57 ശതമാനത്തിന് സംസ്ഥാന സർക്കാർ ധാന്യങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.