വാഷിംഗ്ടൺ: ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ അഭ്യർത്ഥിച്ചു. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേലിന് സമയം അനുവദിക്കുന്നതിനായി ആറ് ആഴ്ചത്തെ ഇടവേള വേണമെന്ന ബൈഡന്റെ അഭിപ്രായത്തോട് അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി.
തെക്കൻ നഗരമായ റഫയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് പറഞ്ഞ അബ്ദുല്ല രാജാവ്, ജോർദാനില്‍ ഏതെങ്കിലും
തരത്തിലുള്ള ആക്രമണത്തിനെതിരെ മുന്നറിയിപ്പും നല്കി.
ബന്ദികളെ മോചിപ്പിക്കുന്നതുള്പ്പടെ വിപുലമായ കരാറിൻ്റെ ഭാഗമായി ഗാസ മേഖലയിൽ കുറഞ്ഞത് ആറാഴ്ച യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന് ബൈഡന് പറഞ്ഞു.
“ഞങ്ങൾക്ക് ഇപ്പോൾ ഒരു ശാശ്വത വെടിനിർത്തലാണ് ആവശ്യം. ഈ യുദ്ധം അവസാനിപ്പിക്കണം,” ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തലിന് ജോർദാൻ രാജാവ് ആഹ്വാനം ചെയ്തു.
ആക്രമണത്തിന് ശേഷം ആദ്യമായാണ് അബ്ദുല്ല രാജാവ് ബൈഡനുമായി മുഖാമുഖം ചര്‍ച്ച നടത്തുന്നത്. റഫയ്ക്കെതിരായ ഇസ്രായേൽ ആക്രമണം ലോകത്തിന് താങ്ങാൻ കഴിയില്ലെന്നും, അത് മറ്റൊരു മാനുഷിക ദുരന്തം സൃഷ്ടിക്കുമെന്ന് അബ്ദുല്ല രാജാവ് മുന്നറിയിപ്പ് നല്കി.
ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും പകരം ബന്ദികളെ മോചിപ്പിക്കാന്‍ ചെറിയ ഇടവേളകൾ വേണമെന്നും പറഞ്ഞുകൊണ്ട് ഒരു സമ്പൂർണ വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ബൈഡന് വിസമ്മതിച്ചു.
ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിനു ശേഷമുള്ള ആദ്യ മുഖാമുഖ ചർച്ചകൾക്കായി വൈറ്റ് ഹൗസിലെത്തിയതായിരുന്നു അബ്ദുല്ല രാജാവ്. പ്രഥമവനിത ജിൽ ബൈഡൻ, റാനിയ രാജ്ഞി, ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി ഉടമ്പടിയിൽ വാഷിംഗ്ടൺ പ്രവർത്തിക്കുന്നുണ്ടെന്ന് ബൈഡന് പറഞ്ഞു.
സംഘർഷം അസ്ഥിരമായ പ്രദേശത്ത് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇറാഖിലെയും സിറിയയിലെയും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ അമേരിക്കൻ വ്യോമാക്രമണത്തിന് തുടക്കമിട്ട് ജനുവരിയിൽ ജോർദാനിലെ ഒരു താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഗാസയിലെ പോരാട്ടം താൽക്കാലികമായി നിർത്തിവയ്ക്കാനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുമുള്ള കരാറിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിൽ കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ ജോർദാൻ രാജാവിൻ്റെ പര്യടനത്തിൻ്റെ ആദ്യ സ്റ്റോപ്പാണ് വാഷിംഗ്ടൺ.
ഗാസയിൽ നിരന്തരമായ ബോംബാക്രമണത്തിലൂടെയും കര ആക്രമണത്തിലൂടെയും ഇസ്രായേൽ കുറഞ്ഞത് 28,340 പേരെ, അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, കൊലപ്പെടുത്തിയതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു.
യുദ്ധം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇസ്രായേൽ സന്ദർശിച്ച ബൈഡന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി ചർച്ചകൾക്കായി ജോർദാനിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനം അറബ് ലോകമെമ്പാടും രോഷം സൃഷ്ടിച്ചതിനെത്തുടർന്ന് കൂടിക്കാഴ്ച റദ്ദാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ജനുവരിയിൽ അമ്മാനിൽ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ വെടിനിർത്തലിന് ശ്രമിക്കാനും അവിടെയുള്ള മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാനും ജോർദാൻ രാജാവ് ബ്ലിങ്കനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.