ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ട് ഒരു ദിവസത്തിന് ശേഷം ഇന്ന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ഔദ്യോഗികമായി ചേർന്നു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് അശോക് ചവാൻ ബിജെപിയിൽ ചേരുമ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും ഒപ്പമുണ്ടായിരുന്നു.
നേരത്തെ ബിജെപിയിൽ ചേരുമെന്ന ഔദ്യോഗിക പ്രഖ്യാപനം ചവാൻ നടത്തിയിരുന്നു. ചവാനെ സ്വാഗതം ചെയ്യുമ്പോൾ, “വിദാൻ സഭയിലും ലോക്‌സഭയിലും പ്രവർത്തിച്ച മഹാരാഷ്ട്രയിലെ ശക്തനായ നേതാവ്” എന്ന് ഫഡ്‌നാവിസ് അദ്ദേഹത്തെ പ്രശംസിച്ചു. ബിജെപി ആസ്ഥാനത്ത് അശോക് ചവാൻ തൻ്റെ പുതിയ പാർട്ടി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയിൽ ചേരാനുള്ള ചവാൻ്റെ തീരുമാനം കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.