എറണാകുളം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി അടുത്തിടെ ബിജെപിയിൽ ലയിച്ച കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പിസി ജോർജിൻ്റെ മകൻ ഷോൺ ജോർജ്ജ്. എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ മുൻ ആദായനികുതി ഉദ്യോഗസ്ഥനെയാണ് പിണറായി വിജയൻ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതെന്ന് ഷോൺ ജോർജ് ആരോപിച്ചു.
2008ലെ എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയതിന് പ്രതിഫലമായി മുൻ ഉദ്യോഗസ്ഥനായ ആർ മോഹനെ പിണറായി വിജയൻ തൻ്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയോഗിച്ചുവെന്നതിൻ്റെ രേഖകൾ ഷോൺ ജോർജ്ജ് ഹാജരാക്കി.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ സ്‌പെഷ്യൽ ഓഫീസറായാണ് ആർ മോഹൻ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നതെന്ന് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് അവകാശപ്പെട്ടു. ഈ വിഷയത്തിൽ ആദായ നികുതി വകുപ്പിനും കേന്ദ്ര ധനമന്ത്രാലയത്തിനും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയും ഷോൺ ജോർജ്ജ് അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് ലഭിച്ച ക്ലീൻ ചിറ്റ് രേഖ പോലും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. അതിൽ മോഹൻ്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
കനേഡിയൻ പവർ കമ്പനിയായ എസ്എൻസി ലാവ്‌ലിനിൽ നിന്ന് പിണറായി വിജയൻ കമ്മീഷൻ വാങ്ങി സിംഗപ്പൂരിലെ കമല ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ആർ മോഹൻ ആണെന്നും ഷോൺ ജോർജ് പറഞ്ഞു. സിംഗപ്പൂരിലെ കമല ഇൻ്റർനാഷണലിനെ കുറിച്ച് വിശകലനം ചെയ്യുമ്പോഴാണ് ഷോൺ ജോർജ്ജ് മോഹൻ്റെ പങ്കാളിത്തം കണ്ടെത്തിയത്. മോഹൻ പിണറായി വിജയൻ്റെ പേഴ്‌സണൽ സ്റ്റാഫ് വിഭാഗത്തിൽ സ്‌പെഷ്യൽ ഓഫീസറായി 2016ൽ നിയമിതനായെന്ന് സൂചിപ്പിക്കുന്ന രേഖകൾ ഹാജരാക്കി.
ആദായനികുതി വകുപ്പിൽ നിന്ന് വിരമിച്ച അഡീഷണൽ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥനായ ആർ മോഹൻ മുൻ ചീഫ് സെക്രട്ടറിയുടെ സഹോദരനാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് മോഹൻ പറഞ്ഞു. ക്രൈം മാഗസിൻ പ്രസാധകൻ ടി.പി.നന്ദകുമാർ നൽകിയ ഹർജിയിൽ എൻ്റെ മേലുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് . വിദേശത്ത് നടത്തിയ അന്വേഷണങ്ങൾ ചട്ടങ്ങൾക്കനുസൃതമായി നടത്തുകയും കണ്ടെത്തലുകൾ കോടതിക്ക് മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. ഫയൽ ചെയ്യുമ്പോൾ ആരും അതിനെ വെല്ലുവിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവ്വീസിൽ നിന്ന് സ്വയം വിരമിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ തന്നെ ഉൾപ്പെടുത്തിയതെന്ന് മോഹൻ പറഞ്ഞു.
2017 ഓഗസ്റ്റ് 23ന് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ പ്രത്യേക കോടതി വിട്ടയച്ച നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തിനെതിരെ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതിയാണ് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് ചൂണ്ടിക്കാട്ടിയത്.