ലാസ് വെഗാസ്: കഴിഞ്ഞ മാസം ലാസ് വെഗാസിൽ ശിക്ഷ വിധിക്കുന്നതിനിടെ കോടതി മുറിയില്‍ ജഡ്ജിയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
വ്യാഴാഴ്ച ലാസ് വെഗാസിൽ ആക്രമണകാരി ഡിയോബ്ര റെഡ്ഡനെതിരെ (30) ഒമ്പത് കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. ഈ കേസിന്റെ വിചാരണ ഫെബ്രുവരി 29ന് ആരംഭിക്കും.
2024 ജനുവരി 3-ന് ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്ട് കോടതി ജഡ്ജി മേരി കേ ഹോൾത്തസ് ഇയാള്‍ക്കെതിരെയുണ്ടായിരുന്ന കേസിൽ ശിക്ഷ വിധിക്കാൻ ആരംഭിച്ചപ്പോഴാണ് പ്രതി ജഡ്ജിയുടെ ദേഹത്തേക്ക് ബെഞ്ചിന് മുകളിലൂടെ ചാടിക്കയറി ആക്രമണം അഴിച്ചുവിട്ടത്.
ഇൻറർനെറ്റിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ ജഡ്ജി ഹോൾത്തസിൻ്റെ ഗുമസ്തനും ഒരു കോടതി മാർഷലും റെഡ്ഡനുമായി മല്പിടുത്തം നടത്തുന്നതു കാണാം. 2023 നവംബറിൽ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെഡ്ഡനെ ജഡ്ജി ഹോൾത്തസ് നാല് വർഷം വരെ തടവിന് ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധി പ്രസ്താവിക്കുന്നതിനിടെയാണ് പ്രതി ജഡ്ജിയെ ആക്രമിച്ചത്. കൊലപാതകശ്രമാണ് പുതിയ കുറ്റപത്രത്തിലുള്ളത്.
റെഡ്ഡന് സ്കീസോഫ്രീനിയയും ബൈപോളാർ ഡിസോർഡറും ഉണ്ടെന്ന് മൂത്ത സഹോദരി ലാഡോണ ഡാനിയൽസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.