ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ചീക്ടോവാഗയില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് തുറന്നതിനെത്തുടര്‍ന്ന് ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു.
വൈകുന്നേരം 6 മണിക്ക് മുമ്പ് വിമാനത്തിൻ്റെ പിൻവാതിൽ തകർന്ന് താഴേക്ക് വീണു. വിമാനത്തിൽ നിന്ന് വാതിൽ വേർപെട്ടതിനെ തുടർന്ന് വിമാനം ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഗ്നേച്ചർ ഏവിയേഷൻ ടെർമിനലിൽ സുരക്ഷിതമായി ഇറക്കിയതായി നയാഗ്ര ഫ്രോണ്ടിയർ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി വക്താവ് പറഞ്ഞു.
വിമാനത്തിൽ രണ്ട് യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്നു. ചീക്ടോവാഗയിലെ സ്റ്റീഗ്ൽമിയർ പാർക്കിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനത്തിൻ്റെ വാതിൽ തെറിച്ചു വീഴുകയായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോ റെക്കോർഡിംഗിൽ, പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുകളോട് അടിയന്തരാവസ്ഥയെക്കുറിച്ച് അറിയിപ്പ് നല്‍കുന്നതായി കേള്‍ക്കാമെന്നും അധികൃതര്‍ പറഞ്ഞു.
വാതിലിനായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. പ്രദേശവാസികളോട് വിമാനത്തിൻ്റെ വാതിൽ നിരീക്ഷിക്കാനും എന്തെങ്കിലും വിവരമുണ്ടെങ്കിൽ ചീക്ടോവാഗ പോലീസ് ഡിസ്പാച്ചിനെ (716) 686-3500 എന്ന നമ്പറിൽ വിളിക്കാനും ആവശ്യപ്പെട്ടു.