പതിവ് കുറ്റാന്വേഷണ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതുകയാണ് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ. മാസ് ഡയലോഗുകളോ സൈക്കോ വില്ലൻമാരോ ഇല്ലാത്ത ഈ സിനിമ ഒരു ക്ലീൻ കുറ്റാന്വേണ കഥയാണ് നമുക്ക് സമ്മാനിച്ചത്. ടൊവിനോ അവതരിപ്പിച്ച എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസുകാരനേക്കാൾ അദ്ദേഹത്തിലെ മനുഷ്യനെയാണ് പെട്ടെന്ന് പിടികിട്ടുക.
സിനിമയുമായി പ്രേക്ഷകർക്ക് വളരെ വേഗത്തിൽ കണക്റ്റ് ആവാൻ കഴിയുന്ന രീതിയിലാണ് കഥ തുടങ്ങുന്നത്. ആനന്ദ് എന്ന കഥാപാത്രത്തിനെയും പ്ലോട്ടിനെയും മനോഹരമായി തന്നെ ബിൽഡ് ചെയ്യുന്നതാണ് ചിത്രത്തിന്റെ ആദ്യപകുതി. പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം പതിയെ പ്രേക്ഷകരെ ഹുക്ക് ചെയ്യുകയാണ്. പ്രേക്ഷകരും ആ അന്വേഷണത്തിൽ നായകന്റെ പക്ഷം ചേരുകയും ഐക്യപ്പെടുകയും ചെയ്യും.
നായകൻറെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ഉൾപ്പെടുത്താത്ത ഒരു ഇൻവസ്റ്റിഗേറ്റീവ് മൂവി ഇപ്പോൾ കാണാൻ പറ്റാറില്ല. ഈ സിനിമ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ ഡീസന്റ് ആയാണ് തിയേറ്ററിലെത്തിയത്. ഒരു ക്രൈമിന് പിന്നാലെ നടക്കുന്ന അന്വേഷണത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടേയും കഥയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
ചിത്രത്തിൽ ടൊവിനോ ഉൾപ്പെടെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളും സന്തോഷ് നാരായണൻറെ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിംഗും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.