കാലിഫോർണിയ: കാലിഫോര്‍ണിയയിലെ സാൻ മറ്റേയോയില്‍ താമസക്കാരായിരുന്ന, കൊല്ലം പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ആലീസ് പ്രിയങ്ക (40), അവരുടെ മക്കള്‍ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് ഫെബ്രുവരി 13 രാവിലെ മരിച്ച നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് നിന്ന് 9 എംഎം പിസ്റ്റളും മാഗസിനും കണ്ടെടുത്തു. എയർ കണ്ടീഷനിൽ നിന്നോ ഹീറ്ററിൽ നിന്നോ കാർബൺ മോണോക്സൈഡ് വാതകം ചോർന്ന് മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, വീട്ടിൽ നിന്ന് ഗ്യാസ് ചോർച്ചയോ വീട്ടുപകരണങ്ങൾ തകരാറിലായതിൻ്റെയോ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല.
മക്കളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം ഫാത്തിമ മാതാ കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജി ഹെൻറിയുടെ മക്കളില്‍ മൂന്നാമത്ത മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ രണ്ടാംകുറ്റി ബെന്‍സിഗര്‍ – ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. വിവാഹ ശേഷമാണ് ഇരുവരും അമേരിക്കയിലെത്തിയത്. എന്നാല്‍, അതിനുശേഷം ആനന്ദ് കുടുംബത്തോടൊപ്പം ഒരിക്കലും നാട്ടിലേക്ക് വന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഫെബ്രുവരി 11 വരെ ആലീസിന്റെ അമ്മ ജൂലിയറ്റ് അവരുടെ കൂടെ കാലിഫോര്‍ണിയയില്‍ ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയ അവര്‍ 12-ാം തീയതി പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി ആലീസിനോട് ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം മകളുടെ ഫോണ്‍ വിളി വരാത്തതിനെത്തുടര്‍ന്ന് അവര്‍ ആലീസിനും ആനന്ദിനും വാട്സ് ആപ്പ് സന്ദേശം അയച്ചു. പക്ഷെ, ഒരാള്‍ മാത്രമാണ് മെസേജ് കണ്ടതെന്ന് മനസിലാക്കിയ ജൂലിയറ്റ് കാലിഫോര്‍ണിയയില്‍ തന്നെയുള്ള ഒരു ബന്ധുവിനെ വിവരമറിയിക്കുകയും, ആ ബന്ധു ആനന്ദിന്റെ വീട്ടിലെത്തിയെങ്കിലും എന്തോ പന്തികേട് തോന്നി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് വിഷവാതകം ശ്വസിച്ചല്ല മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. ആനന്ദിന്റേയും പ്രിയങ്കയുടെയും മൃതദേഹങ്ങള്‍ ബാത്ത്റൂമിലും കുട്ടികളുടേത് കിടപ്പു മുറിയിലുമാണ് കണ്ടെത്തിയത്. ആനന്ദിന്റേയും പ്രിയങ്കയുടെയും വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു 9 എംഎം പിസ്റ്റളും തിരകളും മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടികളുടെ മരണ കാരണം വ്യക്തമായിട്ടില്ല.
ആനന്ദ് പ്രിയങ്കയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. അതേ സമയം, കുട്ടികള്‍ മരിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്കോ പോലീസ് പറഞ്ഞു. ഭർത്താവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് പറയുന്നത്.
ആനന്ദിന്റെ മൂത്ത സഹോദരനും ഏറ്റവും ഇളയ സഹോദരനും നേരത്തെ മരണപ്പെട്ടിരുന്നു. മറ്റു സഹോദരങ്ങള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിലെ വീട്ടില്‍ മാതാപിതാക്കളുണ്ടെങ്കിലും സമൂഹവുമായി അവര്‍ അത്ര അടുപ്പത്തിലല്ല പെരുമാറുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാര്‍ത്തകളറിഞ്ഞ് നാട്ടില്‍ പ്രിയങ്കയുടെ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അമ്മ സംസാരിക്കാന്‍ തയ്യാറായെങ്കിലും ബന്ധുക്കള്‍ വിലക്കിയെന്നു പറയുന്നു. കുടുംബ പ്രശ്നമാകാം ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍. സംഭവം നടക്കുന്നതിന്റെ തലേ ദിവസം വരെ മകളുടെ കൂടെ ഉണ്ടായിരുന്ന അമ്മയെ എന്തുകൊണ്ടാണ് ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വിലക്കിയതെന്നതും സംശയിക്കപ്പെടുന്നു.
ആനന്ദും പ്രിയങ്കയും ഐടി പ്രൊഫഷണലുകളാണ്. കഴിഞ്ഞ 9 വർഷമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു. ആനന്ദ് സോഫ്റ്റ്വെയർ എഞ്ചിനീയറും പ്രിയങ്ക സീനിയർ അനലിസ്റ്റുമായിരുന്നു. രണ്ട് വർഷം മുമ്പ് ന്യൂജേഴ്സിയിൽ നിന്ന് അവർ സാൻ മാറ്റിയോ കൗണ്ടിയിലേക്ക് മാറി. ഗൂഗിളിലായിരുന്ന ആനന്ദ് കുറച്ചു നാളുകള്‍ക്കു മുന്‍പ് ജോലി രാജിവെച്ച് സ്വന്തമായി പുതിയ സ്റ്റാർട്അപ് ആരംഭിച്ചിരുന്നു.
2020ൽ ദമ്പതികൾ 17.42 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് വാങ്ങിയിരുന്നു. ഭാര്യയും ഭർത്താവും വളരെ സൗഹൃദത്തിലായിരുന്നുവെന്ന് അയൽപക്കത്തുള്ളവർ പറയുന്നു.
ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ടാകാം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതും 2016-ല്‍ വിവാഹ മോചനത്തിന് സാന്‍ഫ്രാന്‍സിസ്കോ കോടതിയെ സമീപിച്ചതും. അതുപ്രകാരം 2017 ല്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇരുവരും വീണ്ടും ഒന്നിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.
മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്ക്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. അതിനായി ആനന്ദിന്റെ ഒരു സഹോദരന് അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവർക്ക് കോൺസുലാർ സഹായം നൽകുകയും ചെയ്യുന്നുണ്ട്.