വാഷിംഗ്ടൺ: പാക്കിസ്താന്‍ പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ബുധനാഴ്‌ച വാഷിംഗ്‌ടണിൽ മാധ്യമങ്ങളെ അറിയിച്ച മാത്യു മില്ലർ, കൃത്രിമത്വത്തെക്കുറിച്ചുള്ള അന്വേഷണം ഉചിതമായ നടപടിയാണെന്നാണ് യുഎസ് കരുതുന്നതെന്ന് പറഞ്ഞു. “പാക്കിസ്താനില്‍ മാത്രമല്ല, ലോകത്തെവിടെയും ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഞങ്ങളുടെ പ്രതികരണമാണിത്, അവ സമഗ്രമായി അന്വേഷിച്ച് പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
ഒരു ചോദ്യത്തിന് മറുപടിയായി, പാക്കിസ്താനിലെ തിരഞ്ഞെടുപ്പ് മത്സരാധിഷ്ഠിതമാണെന്നും, പാക് ജനങ്ങൾ തിരഞ്ഞെടുത്ത ഗവൺമെൻ്റ് രൂപീകരിച്ചുകഴിഞ്ഞാൽ അതിനൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“സഖ്യ സർക്കാർ രൂപീകരിക്കുന്നത് ആത്യന്തികമായി പാക്കിസ്താൻ്റെ ആഭ്യന്തര കാര്യമാണ്. അത് അമേരിക്കയുടെ തീരുമാനമല്ല. പാക്കിസ്താന്‍ എടുക്കേണ്ട തീരുമാനമാണത്,” അദ്ദേഹം പറഞ്ഞു.
പാർലമെൻ്ററി ഭരണസംവിധാനമുള്ള രാജ്യങ്ങൾ നിരവധിയുണ്ടെന്നും, അവിടെ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതും ഏതെങ്കിലും തരത്തിലുള്ള കൂട്ടുകക്ഷി സർക്കാരുകൾ രൂപീകരിക്കപ്പെടുന്നതും പതിവാണെന്നും മാത്യൂ മില്ലർ പറഞ്ഞു.