വാഷിംഗ്ടൺ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്ക് കനത്ത പ്രഹരമേല്പിച്ച് കെയ്റോയിൽ നടന്ന മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ നിന്ന് ഇസ്രായേൽ പിന്മാറി. ഹമാസിൻ്റെ “വ്യാമോഹപരമായ ആവശ്യങ്ങളും” പുതിയ നിർദ്ദേശങ്ങളുടെ അഭാവവും ആരോപിച്ചാണ് ഇസ്രായേല്‍ പിന്മാറിയത്.
ഗാസയിലെ സംഘർഷമേഖലയിലെ പോരാട്ടം അവസാനിപ്പിക്കാനും ശേഷിക്കുന്ന 100 ലധികം ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ പ്രതീക്ഷിച്ച വഴിത്തിരിവ് നൽകിയില്ലെങ്കിലും മൂന്ന് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ ചർച്ചാ സംഘത്തെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസിൽ നിന്ന് ഒരു പുതിയ നിർദ്ദേശവും ഇസ്രായേലിന് കെയ്റോയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഹമാസിൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയാല്‍ ചർച്ചകൾ പുരോഗമിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ശക്തമായ സൈനിക സമ്മർദ്ദവും ഉറച്ച ചർച്ചകളും” തടവുകാരെ മോചിപ്പിക്കുന്നതിനുള്ള താക്കോലാണെന്ന് നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയും പുറത്തിറക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധാനന്തരം ഹമാസിനെ തകർത്ത് ഗാസയിലെ സുരക്ഷാ ചുമതലയിൽ തുടരുമെന്ന ഇസ്രയേലിൻ്റെ പ്രതിജ്ഞയും സ്ഥിരമായ വെടിനിർത്തൽ, യുദ്ധബാധിത പ്രദേശത്ത് നിന്ന് എല്ലാ ഇസ്രയേലി സൈനികരെയും പിൻവലിക്കണമെന്ന ഹമാസിൻ്റെ ആവശ്യങ്ങളുമാണ് ചര്‍ച്ചയ്ക്ക് വിഘാതമായതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
17 കാരനായ പലസ്തീൻ അമേരിക്കൻ മുഹമ്മദ് അഹമ്മദ് ഖ്ദൂർ വെസ്റ്റ് ബാങ്കിൽ വച്ച് മരിച്ചതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു. മരണത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ പ്രദേശത്ത് കൊല്ലപ്പെടുന്ന കൗമാരപ്രായക്കാരായ രണ്ടാമത്തെ യുഎസ് പൗരനാണ് മുഹമ്മദ് അഹമ്മദ്.
യുഎസ് സെൻട്രൽ കമാൻഡ് പറയുന്നതനുസരിച്ച്, ചെങ്കടലിൽ വാണിജ്യ, നാവികസേനാ കപ്പലുകൾക്ക് നേരെ മാസങ്ങളായി ആക്രമണം നടത്തിയ വിമത ഗ്രൂപ്പായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ്റെ ഒരു ഭാഗത്ത് യുഎസ് സേന ആൻ്റി ക്രൂയിസ് മിസൈലിൽ വ്യോമാക്രമണം നടത്തി.
ഗാസയിൽ ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളും മുൻ തടവുകാരും ബുധനാഴ്ച നെതർലൻഡ്സിൽ ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ പരാതി നൽകിയിട്ടുണ്ട്.
ഒക്ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിടുകയും 1,200-ഓളം പേരെ കൊല്ലുകയും 240-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനുശേഷം ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന പ്രതികാരാക്രമണത്തില്‍ 28,500-ലധികം പേര്, അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും, കൊല്ലപ്പെട്ടതായി അവകാശപ്പെടുന്നു.
ടണൽ ഷാഫ്റ്റുകൾ ഉൾപ്പെടെ ഹമാസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ “അടിച്ചുതകർത്തു” എന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും അവ എവിടെയാണെന്ന് പറഞ്ഞില്ല. കുറഞ്ഞത് 10 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.
യുഎസ് നാടുകടത്തലിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സംരക്ഷിക്കപ്പെട്ടു
അമേരിക്കയില്‍ താമസിക്കുന്ന ഏകദേശം 6,000 ഫലസ്തീനികൾ 18 മാസത്തേക്ക് നാടുകടത്തലില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡിഫെർഡ് എൻഫോഴ്സ്ഡ് ഡിപ്പാർച്ചർ (Deferred Enforced Departure) എന്ന് വിളിക്കുന്ന പ്രോഗ്രാം, പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലെ പൗരന്മാരെ യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്നു.
ഗാസയിലെ യുദ്ധം കാരണം നിരവധി പലസ്തീനിയൻ സിവിലിയന്മാർ അപകടത്തിലാണെന്നും, അതിനാല്‍ യു എസില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് തുടര്‍ താമസത്തിന് അധികാരം നല്കുന്നു എന്ന ബൈഡന്റെ പ്രസ്താവനയാണ് ന്യൂയോര്‍ക്ക് ടൈംസ് ഉദ്ധരിച്ചത്.
ഇസ്രായേലിന്റെ ഗാസക്കെതിരെയുള്ള യുദ്ധം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ട ബൈഡന്, രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ അറബ് അമേരിക്കക്കാര്‍ വസിക്കുന്ന മിഷിഗണിലേക്ക് അടുത്തിടെ ഒരു കൂട്ടം മികച്ച ഉപദേശകരെ അയച്ചിരുന്നു. ഇസ്രായേലിന് “അകമഴിഞ്ഞ്” സഹായങ്ങള്‍ നല്കിയ ബൈഡനെതിരെ മിഷിഗണിലെ അറബ് വംശജര്‍, പ്രത്യേകിച്ച് ഫലസ്തീനികള്‍, പ്രതിഷേധം ശക്തമാക്കിയിരുന്നു.