ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. പതിനൊന്ന് ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ലഖ്ത യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. മദീന ഖലീഫ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ബിൻ ഉംറാൻ മൂന്നാം സ്ഥാനവും നേടി.
മാർച്ച് പാസ്റ്റ്, ഓട്ടം, നടത്തം, ഷൂട്ടൗട്ട് , ബാൾ ബാസ്കറ്റിങ്, ഫുട്ബാൾ, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.
ടി.എസ് ഖത്തർ സിസ്റ്റംസ് ആൻ്റ് കമ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് മാനേജർ റഈസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ സമ്മാനദാനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, മുഫീദ് ഹനീഫ, മുഹമ്മദ് ജമാൽ, നദീം നൂറുദ്ദീൻ, അഷ്റഫ് എൻ.എം, മജീദ് ആപ്പറ്റ തുടങ്ങിയവർ നേതൃത്വം നൽകി. വിമൺ ഇന്ത്യ, സ്റ്റുഡൻ്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, മലർവാടി എന്നിവയുടെ സഹകരണത്തോടെയാണ് കായിക മേള സംഘടിപ്പിച്ചത്.