ഹൂസ്റ്റൺ: മെമ്മോറിയൽ ഹെർമ്മൻ ഗ്രേറ്റർ ഹൈറ്റ്സ് ഏർപ്പെടുത്തിയിരിക്കുന്ന മികച്ച നേഴ്സുമാർക്കുള്ള ‘ഡെയ്സി’ അവാർഡ് മലയാളിയായ ലാലി ജോൺ കരസ്ഥമാക്കി.
അനുകമ്പ, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലാലിയെ അവാർഡിനായി തിരഞ്ഞെടുത്തത്. ഏത് പ്രതിസന്ധികളെയും അതിജീവിച്ച് രോഗികളെ പരിചരിക്കുന്നതിനും, അനന്തമായ ഫോൺ കോളുകൾക്ക് ക്ഷമയോടെ മറുപടി നൽകുന്നതിനും, അസാധാരണമായ വിനയം നിലനിർത്തുന്നതിലും ലാലി അതീവ ശ്രദ്ധാലുവായിരുന്നു. ചീഫ് നഴ്സിംഗ് ഓഫീസർ (സി.എൻ.ഒ) മിസ്. ആൻ സപോറിൽ നിന്നും ലാലി ജോൺ അവാർഡ് ഏറ്റുവാങ്ങി.
ഏത് അരാജകത്വത്തിലും, ശക്തമായ കൊടുങ്കാറ്റിലും, ഉലയാത്ത മനസ്സോടെയും സേവനം അനുഷ്ഠിക്കുന്ന ശക്തയായ ഒരു ചാർജ് നേഴ്സ് ആണ് ലാലിമോൾ എന്ന ഓമനപേരിൽ അറിയപ്പെടുന്ന ലാലി ജോൺ എന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗവും, തുമ്പമൺ സ്വദേശിയുമായ ജോർജ് ജോണിന്റെ( ജിജി) ഭാര്യയാണ് ലാലി ജോൺ.