കൊല്‍ക്കത്ത: ത്രിപുരയിൽ നിന്ന് ബംഗാളിലെ സഫാരി പാർക്കിലേക്ക് മാറ്റിയ സിംഹിണിക്ക് “സീത” എന്ന് പേരിട്ടെന്നും പേര് മാറ്റണമെന്നും അഭ്യര്‍ത്ഥിച്ച് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിൽ ഹർജി സമർപ്പിച്ചതായി വിഎച്ച്പിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, സിംഹിണിക്ക് അത്തരമൊരു പേര് നൽകിയിട്ടില്ലെന്ന് പാർക്ക് അധികൃതർ പറഞ്ഞു.
ഫെബ്രുവരി 12 ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെ കൊണ്ടുവന്നത്. ആണ് സിംഹത്തിന് അക്ബർ എന്നാണ് പേരിട്ടതെന്ന് വിഎച്ച്പി അവകാശപ്പെട്ടു.
വിഎച്ച്പിയുടെ വടക്കൻ ബംഗാൾ ഘടകമാണ് ഫെബ്രുവരി 16 ന് ഹർജി സമർപ്പിച്ചത്. കേസ് ഫെബ്രുവരി 20 ന് കോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ പരിഗണിക്കുമെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ ശുഭങ്കർ ദത്ത പറഞ്ഞു.
ഒരു മൃഗത്തിന് ഇങ്ങനെ പേരിടുന്നത് മതവികാരം വ്രണപ്പെടുത്താൻ ഇടയുള്ളതിനാൽ സിംഹത്തിൻ്റെ പേര് മാറ്റണമെന്ന് ഹർജിക്കാരൻ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സുവോളജിക്കൽ പാർക്കിലെ ഒരു മൃഗത്തിനും ഒരു മതത്തിൻ്റെയും ദേവന്റെയോ ദേവതകളുടെയോ പേരിടരുതെന്നും ദത്ത പറഞ്ഞു.
മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ബംഗാളി സഫാരി പാർക്കിൽ യഥാക്രമം ആണ് സിംഹത്തിന് IL26 എന്നും, പെണ് സിംഹത്തിന് IL27 എന്നിങ്ങനെ അടയാളപ്പെടുത്തിയാണ് സിംഹങ്ങളെ കൊണ്ടുവന്നതെന്നും, ആണ് സിംഹത്തിന് “അക്ബര്‍” എന്നും പെണ് സിംഹത്തിന് “സീത” എന്നും പേരിട്ടതായും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് അറിഞ്ഞതായി പരിഷത്തിൻ്റെ വടക്കൻ ബംഗാൾ ഘടകം അറിയിച്ചു.
രണ്ട് മൃഗങ്ങൾക്കും പേരിട്ടിട്ടില്ലെന്നും ഔദ്യോഗിക നാമകരണത്തിനായി കാത്തിരിക്കുകയാണെന്നും പാർക്ക് അധികൃതർ പറഞ്ഞു.