മ്യൂണിച്ച്: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് യൂറോപ്പ് വിലപിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം യുക്രെയ്‌നിനായി എന്തു ചെയ്യാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി സ്ഥാനമേറ്റെടുക്കുന്ന ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെ ശനിയാഴ്ച പറഞ്ഞു.
നവംബറിൽ താന്‍ യു എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിരോധത്തിനായി വേണ്ടത്ര പണം ചെലവഴിക്കുന്നതിൽ പരാജയപ്പെടുന്ന നേറ്റോ സഖ്യകക്ഷികളെ സംരക്ഷിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവന യൂറോപ്പിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്.
“നമ്മള്‍ ട്രംപിനെക്കുറിച്ച് ഞരങ്ങുന്നതും മുറവിളി കൂട്ടുന്നതും ആക്രോശിക്കുന്നതും അവസാനിപ്പിക്കണം. ട്രംപിന്റെ കാര്യത്തില്‍ നാം അനാവശ്യമായി വിലപിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അത് അവസാനിപ്പിച്ചേ പറ്റൂ. അത് അമേരിക്കക്കാരുടെ പ്രശ്നമാണ്. ഞാൻ ഒരു അമേരിക്കക്കാരനല്ല, നിങ്ങളും അല്ല, എനിക്ക് യുഎസിൽ വോട്ടു ചെയ്യാൻ കഴിയില്ല, നിങ്ങള്‍ക്കും കഴിയില്ല. നമ്മള്‍ നമ്മള്‍ക്കുവേണ്ടി പ്രവർത്തിക്കണം, അല്ലാതെ അമേരിക്കക്കാര്‍ക്കു വേണ്ടിയാകരുത്,” റുട്ടെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു.
ട്രംപ് തിരിച്ചുവരാൻ സാധ്യതയുള്ളതുകൊണ്ടല്ല, യൂറോപ്പ് ഏത് സാഹചര്യത്തിലും പ്രതിരോധത്തിനും യുദ്ധോപകരണ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കൂടുതൽ ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ് യുക്രൈനിനുള്ള പിന്തുണ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 ജൂലൈയില്‍ അപ്രതീക്ഷിതമായി ഡച്ച് രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച റുട്ടെ, നേറ്റോയെ നയിക്കാനുള്ള മുൻനിര താരമായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും വ്യക്തിപരമായ പ്രചാരണം ആരംഭിക്കില്ലെന്നും പറഞ്ഞു.
നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് 2014 മുതൽ ഈ സ്ഥാനത്തുണ്ട്. 2024 ഒക്ടോബറിൽ അദ്ദേഹം സ്ഥാനമൊഴിയും.