വാഷിംഗ്ടൺ: ന്യൂയോർക്ക് കോടതി 350 മില്യൺ ഡോളർ പിഴ ചുമത്തിയതിന് പിന്നാലെ മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിൻ്റെ പേരിൽ ഷൂസിൻ്റെ ബ്രാൻഡ് പുറത്തിറക്കി. സ്‌നീക്കേഴ്‌സ് ആരാധകർ ഒത്തുകൂടുന്ന ഫിലാഡൽഫിയ കൺവെൻഷൻ സെൻ്ററിലാണ് ഷൂസ് പുറത്തിറക്കിയത്. ഇതിനിടയിൽ അനുയായികള്‍ ട്രംപിനെ സ്വാഗതം ചെയ്യുകയും പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഗോൾഡൻ നിറമുള്ള ട്രംപ് ബ്രാൻഡ് ഷൂകൾ ഓൺലൈനിൽ 399 ഡോളറിനാണ് (ഏകദേശം 33,123 രൂപ) വിൽക്കുന്നത്. ഇവയിൽ അമേരിക്കൻ പതാകയും മുദ്രണം ചെയ്തിട്ടുണ്ട്. ട്രംപ് ഇവ പുറത്തിറക്കിയപ്പോൾ, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനാണ് ഷൂസ് ഉപയോഗിക്കുന്നതെന്ന് ചിലർ കളിയാക്കി. എന്നിരുന്നാലും, ട്രംപിൻ്റെ ആദ്യത്തെ ഔദ്യോഗിക പാദരക്ഷകൾ ഫിലാഡൽഫിയ കൺവെൻഷൻ സെൻ്ററിൽ അനാച്ഛാദനം ചെയ്‌തപ്പോൾ, അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഇതിന് ബന്ധമില്ലെന്ന് സ്‌നീക്കർ കോൺ വെബ്‌സൈറ്റ് പറയുന്നു.
ഒരു ജോടി സ്വർണ്ണ ഷൂസ് കൈയിൽ പിടിച്ചാണ് ട്രംപ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. പിന്നീട്, സ്റ്റേജിൻ്റെ ഇരുവശത്തും ഓരോ ഷൂ വെച്ചുകൊണ്ട് ഈ മുറിയിൽ ഒരുപാട് വികാരങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്രംപിൻ്റെ സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചതിന് കോടതി 350 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തിരിച്ചടിയാണ്. കാരണം, അദ്ദേഹം ഒരു വിജയകരമായ ബിസിനസുകാരനായി സ്വയം അവതരിപ്പിക്കുന്നു എന്നതു തന്നെ.
പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തോട് അടുക്കുമ്പോൾ ട്രംപ് അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒരു മുൻ രാഷ്ട്രപതി പുതിയ ബ്രാൻഡഡ് ഷൂ വിൽക്കുന്നത് വളരെ അസാധാരണമായ ഒരു സംഭവമാണ്. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ സ്‌നീക്കർ ഷോയായി സംഘാടകർ ട്രംപിൻ്റെ ഷൂ ലോഞ്ച് പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നു.