ഉത്തര കൊറിയൻ കള്ളക്കടത്ത് കേസിൽ ഓസ്‌ട്രേലിയയിൽ അറസ്റ്റിലായ ചൈനക്കാരനെ യുഎസിലേക്ക് കൈമാറും

വ്യാജ സിഗരറ്റുകൾ വിറ്റ് വരുമാനം കണ്ടെത്താനുള്ള ഉത്തര കൊറിയൻ പദ്ധതിയിൽ പങ്കുള്ളതായി ആരോപിച്ച് ഓസ്‌ട്രേലിയയിൽ അറസ്റ്റിലായ ചൈനക്കാരനെ അമേരിക്കയിലേക്ക് കൈമാറുന്നതിനായി കാത്തിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ അധികൃതർ ബുധനാഴ്ച അറിയിച്ചു.

അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച് മാർച്ചിൽ വിക്ടോറിയ സ്റ്റേറ്റിൽ വെച്ച് ജിൻ ഗ്വാങ്‌ഹുവയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ തുടരുകയും ചെയ്തതായി ഓസ്‌ട്രേലിയയുടെ അറ്റോർണി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

നിരവധി ഉപരോധങ്ങൾ, ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഗൂഢാലോചന കുറ്റങ്ങൾ എന്നിവയ്ക്ക് ഇയാള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രോസിക്യൂഷൻ നേരിടണമെന്ന് ഡിപ്പാർട്ട്മെൻ്റിൻ്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

പുകയില ക്രയവിക്രയത്തിലൂടെ വരുമാനം ഉണ്ടാക്കുന്നതിനായി ഉത്തര കൊറിയ നടത്തിയ നിയമവിരുദ്ധമായ പദ്ധതിയിൽ ചൈനീസ് പൗരനായ ജിൻ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് യുഎസിലെ കുറ്റപത്രം കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഒഴിവാക്കാൻ, ഉത്തരകൊറിയൻ ബാങ്കുകൾ ഫ്രണ്ട് കമ്പനികളെ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

ഇടനിലക്കാരായി പ്രവർത്തിക്കുന്ന മൂന്ന് ചൈനീസ് പൗരന്മാരിൽ ജിനും ഉൾപ്പെടുന്നു. ഇയാള്‍ ഉത്തര കൊറിയയുടെ സൈന്യത്തിൻ്റെയും സർക്കാരിൻ്റെയും ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പുകയില വാങ്ങുകയും ഹാർഡ് കറൻസി ഉണ്ടാക്കുന്നതിനായി വ്യാജ സിഗരറ്റുകൾ നിർമ്മിക്കുകയും ചെയ്തുവെന്ന് എഫ്ബിഐ ആരോപിച്ചു.

ഏഷ്യയിൽ വിൽക്കുന്ന വ്യാജ പാശ്ചാത്യ, ജാപ്പനീസ് ബ്രാൻഡുകൾ ഉൾപ്പെടെയുള്ള നിരോധിത സിഗരറ്റുകൾ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ, കുറ്റപത്രത്തിൽ പറയുന്നു.

അസംസ്‌കൃത പുകയില അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് വാങ്ങി ചൈനയിലെ ഡാലിയനിലേക്ക് അയച്ച് അവിടെ നിന്ന് ഉത്തര കൊറിയയിലേക്ക് കടത്തുകയായിരുന്നു രീതി. 2009 നും 2019 നും ഇടയിൽ ജിൻ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജിന്നിനുള്ള വാറണ്ട് ഓഗസ്റ്റിൽ കോടതിയിൽ നടപ്പിലാക്കി, കൈമാറുന്നതിനായി അദ്ദേഹത്തെ മെട്രോപൊളിറ്റൻ റിമാൻഡ് സെൻ്ററിലേക്ക് തിരിച്ചയച്ചു എന്ന് വിക്ടോറിയൻ മജിസ്‌ട്രേറ്റ് കോടതിയുടെ വക്താവ് ബുധനാഴ്ച പറഞ്ഞു.

“അമേരിക്കയിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നതിനായി കൈമാറാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ അഭ്യർത്ഥന മാനിച്ചാണ് ജിൻ കസ്റ്റഡിയിൽ തുടരുന്നത്”, അറ്റോർണി ജനറൽ വകുപ്പ് അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News