വാഷിംഗ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിൻ്റെ സെറ്റിൽമെൻ്റുകളുടെ വിപുലീകരണം അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടം വെള്ളിയാഴ്ച പറഞ്ഞു. ഇത് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഭരണകൂടം മാറ്റിമറിച്ച ഈ വിഷയത്തിൽ ദീർഘകാല യുഎസ് നയത്തിലേക്ക് മടങ്ങിവരുന്നതിൻ്റെ സൂചനയാണെന്ന് ബ്യൂണസ് ഐറിസിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന്‍ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ ഭവനങ്ങൾ നിർമ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ അമേരിക്ക നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
“അവർ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ല. യു എസ് ഭരണകൂടം സെറ്റിൽമെൻ്റ് വിപുലീകരണത്തിനെതിരായ ഉറച്ച എതിർപ്പില്‍ ഉറച്ചു നില്‍ക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് ഇസ്രായേലിൻ്റെ സുരക്ഷയെ ദുർബലപ്പെടുത്തുകയേ ഉള്ളൂ, ശക്തിപ്പെടുത്തുകയില്ല്,” ബ്ലിങ്കന്‍ പറഞ്ഞു.
2019 നവംബറിൽ, ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, 1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക് ഭൂമിയിലെ ഇസ്രായേലിൻ്റെ വാസസ്ഥലങ്ങളെ വാഷിംഗ്ടൺ “അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി” കാണില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് നാല് പതിറ്റാണ്ടിൻ്റെ യുഎസ് നയത്തിന് വിപരീതമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
മാസങ്ങൾക്ക് ശേഷം 2020 ജനുവരിയിൽ, ട്രംപ് ഭരണകൂടം ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ഒരു സമാധാന പദ്ധതി പ്രഖ്യാപിക്കുകയും, അത് ഇസ്രായേൽ സ്വീകരിക്കുകയും ഫലസ്തീനികൾ നിരസിക്കുകയും ചെയ്തു. കാരണം, പതിറ്റാണ്ടുകളുടെ പോരാട്ടത്തിൽ ഇസ്രായേൽ ആഗ്രഹിച്ചതിൽ ഭൂരിഭാഗവും ഇസ്രായേലിന് നൽകിയിരുന്നു. അധിനിവേശ ഭൂമിയിൽ അവര്‍ സെറ്റിൽമെൻ്റുകൾ നിർമ്മിക്കുകയും ചെയ്തു.
പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം സെറ്റിൽമെൻ്റുകൾ കൂടുതൽ വിപുലീകരിക്കുന്നതിനെ എതിര്‍ക്കുകയും അത് ശാശ്വത സമാധാനത്തിന് വിപരീതമാണെന്നു പറയുകയും ചെയ്തു. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ ആദ്യമായി പറഞ്ഞത് വെള്ളിയാഴ്ചയാണ്.
കുടിയേറ്റക്കാരുടെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് ഇസ്രായേലി പൗരന്മാര്‍ക്കെതിരെ ഭരണകൂടം അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
പല പ്രദേശങ്ങളിലും പലസ്തീനിയൻ സമൂഹങ്ങളെ പരസ്പരം വിച്ഛേദിക്കുന്ന കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് മിക്ക രാജ്യങ്ങളും കണക്കാക്കുന്നത്. എന്നാല്‍, ഇസ്രായേല്‍ അവകാശപ്പെടുന്നത് ആ പ്രദേശം അവരുടെ ജന്മാവകാശമാണെന്നാണ്.
1949-ലെ നാലാം ജനീവ കൺവെൻഷനും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും പ്രകാരം ഏതെങ്കിലും രാജ്യത്തെ സിവിലിയന്മാരെ അധിനിവേശ ഭൂമിയിലേക്ക് മാറ്റുന്നത് നിയമവിരുദ്ധമായാണ് ഫലസ്തീനിയും അന്താരാഷ്ട്ര സമൂഹവും കാണുന്നത്.