പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇന്ന് തുടക്കം; രാവിലെ 10:30ന് പണ്ടാര അടുപ്പിലേക്ക് തീ പകരും

തിരുവനന്തപുരം; ആദിപരാശക്തി ദേവതയായ ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നത്. ദാരികയുടെ വധത്തിനു ശേഷം പൊങ്കാല നിവേദ്യവുമായി ഭക്തർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സർവ്വാഭീഷ്ടദായിനിയായ ഭദ്രകാളി ദേവിയെ ഭക്തർ വരവേൽക്കുന്നു എന്നാണ് ഐതിഹ്യം.

പൊങ്കാല നിവേദ്യ സമർപ്പണത്തിനായി നിരവധി ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ 10:30 ഓടെ പണ്ടാര അടുപ്പിലേക്ക് അഗ്നിപകരും. ഉച്ചയ്ക്ക് 2:30നാണ് പൊങ്കാല നിവേദ്യ സമർപ്പണം.

അന്ന പൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുൻപിൽ പൊങ്കാലയർപ്പിക്കാനെത്തുന്നവരെല്ലാം കാപ്പു കെട്ടുന്ന ദിവസം മുതൽ വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കണമെന്നതാണ് ആചാരം. ഏഴുദിവസമോ, ഏറ്റവും കുറഞ്ഞത് മൂന്നു ദിവസമോ വ്രതം അനുഷ്ഠിച്ചിരിക്കണം. പൊങ്കാല കഴിഞ്ഞ് നിവേദ്യം സമർപ്പിക്കുന്നവരെ വ്രതം തുടരണം.

സസ്യാഹാരം മാത്രമെ വ്രത സമയത്ത് കഴിക്കാവൂ. ദിവസം ഒരു നേരം അരിയാഹാരം കഴിക്കുക. മറ്റ് സമയങ്ങളിൽ ഗോതമ്പോ , ഫലവർഗ്ഗങ്ങളോ കഴിക്കാം. എല്ലാ ദിവസവും ശരീര ശുദ്ധി വരുത്തി ദേവീ നാമം ജപിക്കണം. ദേവീ സ്തോത്രങ്ങളും പാരായണം ചെയ്യാൻ ഈ സമയം നല്ലതാണ്. വ്രത സമയത്ത് ബ്രഹ്മചര്യം പാലിക്കുകയും മനസ്സിൽ സദാ ദേവീ നാമം ഉരുവിടുകയും വേണം.

പൊങ്കാല നാളിൽ കോടി വസ്ത്രം ധരിച്ച് മനഃശുദ്ധിയോടെ പൊങ്കാല ഇടണം. അതിനു സാധിക്കാത്തവർ കഴുകിയ വൃത്തിയുള്ള വസ്ത്രം ധരിക്കണം. പൊങ്കാല സമർപ്പണത്തിൽ ശാരീരിക ശുദ്ധിയോടൊപ്പം മാനസിക ശുചിത്വവും പ്രധാനമാണ്.

പൊങ്കാല ഇടുന്ന സ്ഥലം ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് വൃത്തിയാക്കണം. പുതിയ മൺപാത്രത്തിലാണ് പൊങ്കാല നിവേദ്യം തയ്യാറാക്കേണ്ടത്. പൊങ്കൽ നിവേദ്യം ചൂട്ട്, കൊതുമ്പ്, പ്ലാവിന്‍ വിറക് എന്നിവ ഉപയോഗിച്ച് പാകം ചെയ്യണം.

പൊങ്കാല ഇടുന്നതിന് മുമ്പ് ഗണപതിയെ ധ്യാനിച്ച് ദീപം തെളിയിക്കണം. മലരും അവിലും നിവേദ്യമായി ഗണപതിക്ക് സമർപ്പിക്കാം.

സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ

പൊങ്കാല സമർപ്പിക്കുന്ന സമയത്ത് ഈ മന്ത്രം ജപിച്ചുകൊണ്ടിരിക്കാം. ഈ സമയത്ത് ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ വിശിഷ്ടമായ ദേവീ സ്തുതി പാരായണം ചെയ്യുകയോ , ലളിതാ സഹസ്രനാമമോ , ഭദ്രകാളി അഷ്ടോത്തരമോ ജപിക്കുകയും ചെയ്യാം.

പൊങ്കാല സമർപ്പിച്ച ശേഷം ആ നിവേദ്യം കഴിച്ച് ചടങ്ങുകൾ അവസാനിപ്പിക്കാം. അടുത്ത ദിവസം ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം അവസാനിപ്പിക്കാവുന്നതാണ്. വ്രതം അവസാനിപ്പിക്കുമ്പോൾ ക്ഷമാപണ മന്ത്രം ജപിക്കാം. ദേവീ അപരാധ ക്ഷമാപണ സ്തോത്രം ജപിച്ചാലും നല്ലതാണ്.

ആറ്റുകാൽ ക്ഷേത്രത്തിൻറെ പരിധിക്കുള്ളിൽ മാത്രമല്ല , ലോകത്ത് എവിടെയാണെങ്കിലും ഈ ദിവസം ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്. ശുദ്ധിയും വ്രതാനുഷ്ഠാനങ്ങളും മുടക്കരുത് എന്ന് മാത്രം. ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് അമേരിക്കയിലും, ഗൾഫ് നാടുകളിലും, ലോകത്തിൻറെ പലഭാഗങ്ങളിലും ഭക്ത ജനങ്ങൾ പൊങ്കാല സമർപ്പണം നടത്താറുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News