കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്റെ ലക്ഷ്യം.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അന്‍സാര്‍ കാര്‍ണിവലില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍വ്വ ശിക്ഷാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശശീധരന്‍ ഇ. സെന്റ്. തോമസ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഡെയ്‌സണ്‍ പനെങ്ങാടന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
19 സ്‌കൂളുകളില്‍ നിന്നുള്ള 116 വിദ്യാര്‍ത്ഥികളുടെ ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനിയറിംഗ്, ഗണിതശാസ്ത്രം(സ്‌റ്റെം) എന്നീ മേഖലകളിലെ തെരഞ്ഞെടുത്ത 40 പ്രൊജക്ടുകള്‍ കാര്‍ണിവലില്‍ പ്രദര്‍ശിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ നേരിടുന്നതിനും കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായതും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ആവശ്യമായ പ്രവര്‍ത്തന മാതൃകകളും നൂതന ആശയങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
ഇത്തരമൊരു പദ്ധതി തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയതിന് താന്‍ സ്‌മൈല്‍ ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്ന് ഡോ. അന്‍സാര്‍ കെ.എ.എസ് പറഞ്ഞു. എന്‍എക്‌സ്‌പ്ലോറേഴ്‌സ് പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികളുടെ കഴിവും കാഴ്ചപ്പാടും ഗുണകരമായ പരിവര്‍ത്തനത്തിന് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി തങ്ങളുടെ ശാസ്ത്രീയ സര്‍ഗ്ഗാത്മകത ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായും ഭാവിയിലും ഇത്തരം പദ്ധതികള്‍ക്കായി കൈകോര്‍ക്കാമെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെല്ലിന്റെ ആഗോള എസ്.ടി.ഇ.എം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍ പ്രോഗ്രാം നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ പ്രാദേശിക ആഗോള വെല്ലുവിളികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കികൊടുക്കുകയും അവ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടി വിഭാവനം ചെയ്തിരിക്കുന്നതാണ്.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു വേദിയൊരുക്കിയ സ്‌മൈല്‍ ഫൗണ്ടേഷനോട് നന്ദി പറയുന്നതായി ശശീധരന്‍ ഇ അറിയിച്ചു. ഈ അവസരത്തെ കൃത്യമായി വിനിയോഗിച്ച വിദ്യാര്‍ത്ഥികളും സ്‌കൂളുകളും പ്രകടിപ്പിച്ച അര്‍പ്പണബോധത്തെയും താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ കുഞ്ഞുങ്ങള്‍ ലോകത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നുവെന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഡോ. ജെയ്‌സണ്‍ പനെങ്ങാടന്‍ പറഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ 77 സ്‌കൂളുകള്‍ കൂടാതെ ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള 89 സ്‌കൂളുകളിലും, നെല്ലൂരിലെ 116 സ്‌കൂളുകളിലും തെലുങ്കാനയിലെ വാറങ്കല്‍, ഖമ്മാം, ഹനുമകോണ്ട, ജയശങ്കര്‍ ഭുപല്‍പള്ളി, ജംഗോവന്‍, മുളുഗു, മഹാബുബബാദ്, ഭദ്രാദ്രി കോതഗുഡെം ജില്ലകളിലും സ്‌മൈല്‍ ഫൗണ്ടേഷന്‍ ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ട്.