2024 ഫെബ്രുവരി മാസത്തിൽ 29 ദിവസമുണ്ട്. നാല് വർഷം കൂടുമ്പോൾ ആവർത്തിക്കപ്പെടുന്ന അധിദിവസം. അപൂർവതയുടെ പശ്ചാത്തലം ഏറെ വിശ്വാസങ്ങളും ആചാരങ്ങളും ലോകമെങ്ങും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്.അധിവർഷവും അധിദിവസവും വരവേൽക്കുന്നതും സ്വീകരിക്കപ്പെടുന്നതും. ഫെബ്രുവരി 29നെ കുറിച്ചുള്ള വിശ്വാസക്കഥ പല രാജ്യങ്ങളിലും വ്യത്യസ്ഥമാണ്.
2024 വർഷത്തിനൊരു പ്രത്യേകതയുണ്ട്. ഫെബ്രുവരി മാസത്തിൽ സാധാരണയായുള്ള 28 ദിവസങ്ങൾക്കു പകരം 29 ദിവസങ്ങളാണ് ഉള്ളത്. നാല് വർഷം കൂടുമ്പോൾ മാത്രം ആവർത്തിക്കപ്പെടുന്ന അപൂർവതയാണ് ഫെബ്രുവരി 29 എന്ന അധിദിവസം (Leap Day).
ഭൂമിയുടെ പരിക്രമണത്തിന്റെ ദൈർഘ്യവും (ഭൂമിക്ക് ഒരു തവണ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം) അതിനു വേണ്ടിവരുന്ന ദിവസങ്ങളും തമ്മിലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായി കണ്ടെത്തിയ ക്രമീകരണമാണ് അധിവർഷം. ഭൂമിക്ക് സൂര്യനെ ചുറ്റാനെടുക്കുന്ന സമയം 365.242 ദിവസമാണ്. അതിനാൽ സാധാരണ വർഷങ്ങളിൽ (365 ദിവസം) ബാക്കി വരുന്ന 0.242 ദിവസത്തെ, ഓരോ നാലു വര്‍ഷം കൂടുമ്പോഴും ഒരു പൂർണ ദിവസമായി ഫെബ്രുവരിയിൽ 29 നെ കാണുന്നു
അപൂർവ ദിവസമായ ഫെബ്രുവരി 29നെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ ഏറെ ആണ്.
ഗ്രീസ്, സ്കോട്ട്ലൻഡ്, ജർമനി എന്നിവ പോലെയുള്ള രാജ്യങ്ങളിലെ ചില പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും പ്രകാരം അധിവർഷത്തെ, പ്രത്യേകിച്ച് ഫെബ്രുവരി 29 എന്ന ദിവസത്തെ ദൗർഭാഗ്യവുമായാണ് ഇവർ കാണുന്നത്.
അധിദിവസത്തിൽ വിവാഹം നടത്തുന്നത് ശുഭകരമല്ല എന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. അതേസമയം അധിവർഷം മുഴുവനായും തന്നെ വിവാഹത്തിന് ശുഭകരമല്ല എന്ന് കരുതുന്നവരുടെ നാടാണ് ഗ്രീസ്. അധിവർഷത്തിൽ വിവാഹം നടന്നാൽ, പിന്നീട് ആ ബന്ധം വേർപിരിയലിൽ കലാശിച്ചേക്കും എന്നാണ് അവരുടെ വിശ്വാസം. അതുപോലെ ഫെബ്രുവരി 29നാണ് ബന്ധം വേർപിരിയുന്നത് എങ്കിൽ സന്തോഷം ലഭിക്കുന്ന ഒരു പങ്കാളിയെ ജീവിതത്തിൽ കണ്ടുമുട്ടിയേക്കില്ലെന്നും ഇവിടെ കരുതപ്പെടുന്നു.
അതുപോലെ അധിദിവസത്തിൽ കുട്ടികൾ ജനിക്കുന്നതിനെ സ്കോട്ട്ലൻഡിൽ ശുഭകരമായല്ല കാണുന്നത്. അന്നേദിവസം ജനിക്കുന്ന കുട്ടികളുടെ ജീവിതം കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരിക്കുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. ഇതിന് പുറമെ സ്കോട്ട്ലൻഡിലെ ചില പ്രദേശങ്ങളിൽ അധിവർഷത്തിനിടെ കാർഷികവൃത്തിയിൽ ഏർപ്പെടുന്നതിനെയും അശുഭകരമായി കാണുന്നു. അധിവർഷത്തിൽ കൃഷിയിറക്കാനും വിളവെടുക്കാനും പുതിയ കാർഷികോപകരണങ്ങൾ വാങ്ങാനും ഇക്കൂട്ടർ താത്പര്യപ്പെടില്ല.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ അധിവർഷത്തേയും അധിദിവസത്തേയും ശുഭ ദിവസമായും കാണുന്നവരുണ്ട്.
അയർലൻഡിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി 29 മികച്ച ദിവസമായാണ് കണക്കാക്കുന്നത്. അതേസമയം ചൈനയിൽ അധിദിവസം വിവാഹത്തിനുള്ള ഏറ്റവും ശുഭകരമായ സമയമായാണ് കണക്കാക്കുന്നത്.
എന്തായാലും വിശ്വാസങ്ങൾക്കപ്പുറമായി 2024 മനുഷ്യ രാശിക്ക് ശുഭമായി തീരട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.