ചെന്നൈയിലെ കോയമ്പേഡിൽ സ്ഥിതി ചെയ്യുന്ന പള്ളിയും മദ്രസയും പൊളിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. അനധികൃത മതപരമായ നിർമിതികൾ ഒരിക്കലും മതപ്രചാരണത്തിനുള്ള സ്ഥലമാകില്ലെന്ന് പ്രസ്താവിച്ച സുപ്രീം കോടതി ഈ ഘടന പൂർണ്ണമായും നിയമവിരുദ്ധമായി കണക്കാക്കി.
2023 നവംബർ 22-ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവർ പരിഗണിച്ചു. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ.ഇ.നിഷാ ബാനു നിശിതമായി വിമർശിച്ചിരുന്നു.
മതിയായ അനുമതിയില്ലാതെ നിർമാണം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഈ കോടതി അധികൃതർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുവെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഈ നിരീക്ഷണങ്ങളെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി മസ്ജിദ് പൊളിച്ച് പുതിയ സ്ഥലത്തേക്ക് മാറ്റാൻ നിർദേശിച്ചത്. എന്നാൽ, ഹൈക്കോടതി വിധിയോട് മുസ്ലീം സമൂഹം യോജിച്ചില്ല, മുസ്ലീം പള്ളിയുടെയും മദ്രസയുടെയും മേൽനോട്ടം വഹിക്കുന്ന ഹൈദ മുസ്ലീം വെൽഫെയർ ട്രസ്റ്റ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
പൊതുവഴികളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ എന്നിവയുടെ പേരിൽ അനധികൃത നിർമാണങ്ങൾ പാടില്ലെന്ന മുൻ ഉത്തരവുകൾ സുപ്രീം കോടതി ബെഞ്ച് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.
ട്രസ്റ്റ് ഭൂമി വാങ്ങിയതിനാൽ പള്ളിയുടെ പേരിൽ പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിട്ടില്ലെന്ന് അപ്പീലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തു വാദിച്ചു. ദീര്‍ഘകാലമായി ഭൂമി ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സ്ഥലം ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (സിഎംഡിഎ) ഏറ്റെടുത്തതാണെന്നും അനുമതിയില്ലാതെയാണ് നിർമാണം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാർ വസ്തുവിൻ്റെ അവകാശികളല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമി ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടേതാണ്, ഹർജിക്കാരുടെ കൈവശം അനധികൃതമാണ്. 2020 ഡിസംബർ 9-ന് സിഎംഡിഎയുടെ നോട്ടീസ് നൽകിയിട്ടും ഹരജിക്കാർ കെട്ടിട നിർമാണ പ്ലാനുകൾക്ക് അനുമതിക്കായി അപേക്ഷിച്ചിട്ടില്ലെന്നും അനധികൃത നിർമാണം തുടരുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഈ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മസ്ജിദ് പൊളിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും സുപ്രീം കോടതി കണ്ടെത്തിയില്ല. കെട്ടിടം നീക്കം ചെയ്യാൻ 2024 മെയ് 31 വരെ കോടതി ഉദ്യോഗസ്ഥർക്ക് സമയം അനുവദിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ എസ്.നാഗമുത്തു, പ്രിയരഞ്ജനി നാഗമുത്തു, ശാലിനി മിശ്ര, ആർ.സുധാകരൻ, ടി.ഹരിഹർ സുധൻ, പി.കെ.ദേവേന്ദ്രൻ തുടങ്ങിയവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.