നിങ്ങളെന്നെ തിരിച്ചറിയുമ്പോൾ (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ശവംനാറി പൂക്കളുടെ കഴുത്തു ഞെരിക്കരുത്
ശബ്ദകൂടം കൊണ്ട് ശ്മശാനമൂകത തകർക്കരുത്
കുഴിമാടത്തിലെ ഇരുൾക്കാട് മുറിക്കരുത്
നുണകളുടെ ഞരമ്പ് മുറിച്ച് പശ്ചാത്താപം വീഴ്ത്തരുത്
നിന്ദയുടെ ക്രൂരമുന കുത്തിയൊടിച്ച്
നിങ്ങൾ നിരായുധരാകരുത്

എന്റെ അധ്വാനങ്ങളിലെ
ചെറു പിഴവുകളിൽ പോലും
പുലഭ്യം പറഞ്ഞവരാണ് നിങ്ങൾ
ശരികളെ വെട്ടിനിരത്തിയവർ

എന്റെ സങ്കടക്കണ്ണീരിൽ
ഉല്ലാസത്തോണി തുഴഞ്ഞവർ നിങ്ങൾ
എന്റെ ആകാശത്തെ
നക്ഷത്രങ്ങൾ ചൂഴ്ന്നെടുത്തവർ
എന്റെ ചിരി അറുത്തുമുറിച്ചവർ
സ്വാസ്ഥ്യങ്ങളിൽ ഉഴുതുമറിച്ചവർ
ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക്
നാടുകടത്തിയോർ നിങ്ങൾ
വെറുപ്പിന്റെ കുറ്റിയിൽ
കെട്ടിയിട്ടെന്നെ തളച്ചോർ

മറവിയുടെ പുതപ്പിൽ പൊതിഞ്ഞ്
ഓർമകളെ ശ്വാസംമുട്ടിച്ചു കൊന്നവർ
വിസ്‌മൃതിയുടെ കയത്തിലേക്കു
വലിച്ചെറിഞ്ഞവർ…

നിങ്ങൾ സായുധരാകുക…
മിത്ര വേഷത്തിൽ വേട്ട തുടരുക..

Print Friendly, PDF & Email

Leave a Comment