എടത്വ: കെ.എസ്.ആർ.ടി.സി എടത്വാ ഡിപ്പോയുടെ ആരംഭകാലം മുതൽ എടത്വയിൽ ജോലി ചെയ്തു വരുന്ന ഏക ജീവനക്കാരൻ ബി. രമേശ് കുമാർ തികഞ്ഞ സംതൃപ്തിയോടെ എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇൻസ്പെക്ടർ ഇൻ-ചാർജ്ജ് ആയി ഇന്ന് പടിയിറങ്ങുന്നു. യാത്രയയപ്പ് സമ്മേളനം ഇന്ന് 2.30ന് പ്രസിദ്ധ എടത്വ പള്ളിക്ക് മുൻവശത്തുള്ള അപ്പുക്കുട്ടൻ മെമ്മോറിയൽ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. തലവടി രമേശ് ഭവനിൽ പി.ജി രാജമ്മയുടെയും പരേതനായ ജി.എൻ ഭാസ്ക്കരൻ പിള്ളയുടെയും മകനായ ബി രമേശ് കുമാർ 1996-ലാണ് തിരുവനന്തപുരം സിറ്റി-ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്.
1998 ഒക്ടോബർ 18ന് എടത്വാ ഡിപ്പോ ആരംഭിച്ച കാലം മുതൽ കണ്ടക്ടർ ആയും സ്റ്റേഷൻ മാസ്റ്ററായും ഇൻസ്പെക്ടറായും ഇൻസ്പെക്ടർ ഇൻചാർജ് ആയും കഴിഞ്ഞ കാൽ നൂറ്റാണ്ട് എടത്വായിൽ ജോലിചെയ്ത് അപൂർവ്വങ്ങളിൽ അപൂർവ്വ നേട്ടവുമായി യാണ് ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നത്.
എടത്വാ യൂണിറ്റിൻ്റെ ഇന്നു കാണുന്ന എല്ലാ നേട്ടങ്ങൾക്ക് പിന്നിലും ഇദ്ദേഹത്തിൻ്റെ ഇടപെടൽ ഉണ്ടായിരുന്നു.1996 ൽ കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ. കെ.സി ജോസഫിൻ്റെ ശ്രമഫലമായി ആരംഭിച്ച ഡിപ്പോയിൽ ഉണ്ടായിരുന്ന 14 ഷെഡ്യൂളുകൾ ഇന്ന് 24 ഷെഡ്യൂളുകൾ ആയി ഉയർത്തപ്പെട്ടു. തോമസ് ചാണ്ടി എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതും ശുചിത്വ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തി എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കംഫോർട്ട് സ്റ്റേഷൻ സ്ഥാപിപ്പിച്ചതും എല്ലാം നേട്ടമായി കാണാം.
സംസ്ഥാനത്തെ ലാഭകരമായി പ്രവർത്തിക്കുന്ന ഡിപ്പോകളിൽ ഒന്നാക്കി എടത്വായെ മാറ്റിയെടുത്തതിൽ വലിയ സംഭാവനയാണ് നല്കിയിട്ടുള്ളത്. നിരവധി തവണ ഡിപ്പോ നിർത്തലാക്കാനും ഷെഡ്യൂളുകൾ വെട്ടിക്കുറക്കുവാനും ശ്രമമുണ്ടായപ്പോൾ അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് മുഴുവൻ ഉൾനാടൻ സർവ്വീസുകളും ആരംഭിച്ച് ലാഭകരമാക്കി മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. മുട്ടാർ, മിത്രക്കരി, തായങ്കരി, കളങ്ങര,പാരേതോട്, കുന്നുമ്മ, ചമ്പക്കുളം തുടങ്ങിയ മുഴുവൻ ഉൾനാടൻ സർവ്വീസുകളും ആരംഭിച്ചു.
എടത്വ സെൻ്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ കോളേജ് യൂണിയൻ ഭാരവാഹിയായി പ്രവർത്തിച്ച നേതൃപാടവം എല്ലാറ്റിനും ആത്മവിശ്വാസം നല്കി.എടത്വാ യൂണിറ്റിലെ ഇൻസ്പെക്ടർ ഇൻചാർജ് ആയി നിയമിക്കപെടുന്നതിന് മുൻപ് വരെ ട്രേഡ് യൂണിയൻ സംഘടനയായ കെ.എസ്.ആർ.ടി.ഇ.എയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.
2008ൽ തകഴി പാലം തുറന്നപ്പോൾ എടത്വാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവല്ല ആലപ്പുഴ ചെയിൻ സർവ്വീസ് ആരംഭിച്ചു.എടത്വ പള്ളി വിട്ടു നല്കിയ ഭൂമി കെ.എസ്.ആർ.ടിസിയുടെ പേരിൽ കൂട്ടിയെടുത്തതിന് ശേഷം കുഴിയായി കിടന്ന ഒരേക്കർ സ്ഥലം കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മണ്ണ് ഉപയോഗിച്ച് നികത്തി യോഗ്യമാക്കി.ഡിപ്പോ യാർഡ് പൂർണ്ണമായു കോൺക്രീറ്റ് ചെയ്തു.ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഡിപ്പോയുടെ മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് പ്രധാന ഔഷധവൃക്ഷങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു.ഇത്തരം ഗാർഡൻ എടത്വായ്ക്ക് മാത്രം സ്വന്തം.
2018ലെ കൊടും പ്രളയത്തിൽ ബസിനോ സാധന സാമഗ്രികൾക്കോ ഒരു കേടും വരാതെ മുഴുവൻ ബസുകളും അടുത്ത യൂണിറ്റുകളിലേക്ക് മാറ്റി ഏറെ ശ്രദ്ധ നേടി. കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ശുദ്ധജലം ഉൾപ്പെടെ അടിയന്തിര ദുരിതാശ്വാസമെത്തിക്കുന്നതിന് ബസിൽ സൗകര്യമൊരുക്കിയത് ഇദ്ദേഹത്തിലുള്ള കാരുണ്യ പ്രവർത്തനത്തിൻ്റെ മറ്റൊരു മുഖമാണ്. 2017ൽ കേരളത്തിലെ മുഴുവന്‍ സര്‍വ്വീസുകളിലും മെക്കാനിക്കല്‍ ജീവനക്കാര്‍ ഡ്യൂട്ടി ബഹിഷ്ക്കരണം നടത്തിയ അവസരത്തിൽ എടത്വ ഡിപ്പോയില്‍ 26 ഷെഡ്യൂള്‍ ഉള്‍പ്പെടെ 27 (അഡീഷണല്‍) സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്ത് മാതൃകയായത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ജീവനക്കാരുടെ റിട്ടയറിംഗ് സംവിധാനം മെച്ചപെടുത്തുകയും വനിത ജീവനക്കാർക്ക് പ്രത്യേക റിട്ടയറിംഗ് സംവിധാനം ഒരുക്കുകയും റാമ്പോടുകൂടിയ പുതിയ ഗാരേജ് നിർമ്മിക്കുകയുംയാത്രക്കാരുടെ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കുകയും ചെയ്ത് ഇന്ന് പടിയിറങ്ങുമ്പോൾ സഹപ്രവർത്തകർക്കു മാത്രമല്ല എടത്വയിലെ ആനവണ്ടി പ്രേമികൾക്കും ഒത്തിരി മറക്കാത്ത അനുഭവങ്ങളാണ് നല്കിയിട്ടുള്ളതെന്ന് സഹപ്രവർത്തകൻ എം.ജി കൊച്ചുമോൻ പറഞ്ഞു.
ഔദ്യോഗിക രംഗത്ത് നിന്ന് വിരമിച്ചാലും സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി നിലകൊള്ളുന്ന ബി.രമേശ് കുമാറിന് പിന്തുണയുമായി ഭാര്യ രേഖ ഒപ്പമുണ്ട്.അരവിന്ദ്,ആനന്ദ് എന്നിവരാണ് മക്കൾ.