കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷിക സമ്മേളനത്തിന് സ്റ്റുഡന്റസ് സമ്മിറ്റോടെ തുടക്കമായി. ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്മദ് ഇമ്രാൻ ഹസൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിൺ ദിനാജ്പൂർ കളക്ടർ ബിജിൻ കൃഷ്ണൻ ഐഎഎസ്, ബംഗാൾ ചെറുകിട വികസന കോർപ്പറേഷൻ ഡയറക്ടർ നിഖിൽ നിർമൽ ഐ എ എസ്, ബംഗാൾ വഖ്ഫ് ബോർഡ് അഡ്വൈസർ സയ്യിദ് സർഫാസ് അഹ്മദ്, എസ് കെ അബ്ദുൽ മതീൻ, മെഹ്ബൂബുൽ ഹഖ് സംസാരിച്ചു.
2012ൽ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ മർകസ് പൂർവ വിദ്യാർഥി സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാൾ മർകസിന് തുടക്കമിടുന്നത്. 9 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാർ, മണിപ്പൂർ, ത്രിപുര, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 27500 വിദ്യാർഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളാണ്.
സമാപന ദിവസമായ ഇന്ന്(ഞായർ) രാവിലെ നടക്കുന്ന ഉലമ കോൺക്ലേവിൽ ഉമറലി സഖാഫി, നൗഷാദ് ആലം മിസ്ബാഹി, ഫഖീഹുൽ ഖമർ സംബന്ധിക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സനദ് ദാന പൊതുസമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ബംഗാൾ മുഫ്തി ഗുലാം സമദാനി, മുഫ്തി വജ്ഹുൽ ഖമർ റിസ്വാനി, മുഫ്തി റഹ്മത്തലി മിസ്ബാഹി, മുഫ്തി അബ്ദുൽ മലിക് മിസ്ബാഹി സംസാരിക്കും. ത്വയ്ബ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി സനദ് ദാന പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി ഹാർമണി കോൺഫറൻസ്, സഖാഫി സമ്മിറ്റ്, വിദ്യാഭ്യാസ സെമിനാർ, മീഡിയ സബ്മിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും നടക്കുന്നുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.