ന്യൂഡൽഹി: ഭർത്താവിനോട് കുടുംബത്തിൽ നിന്ന് വേറിട്ട് ജീവിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ഭാര്യയുടെ ക്രൂരതയ്ക്ക് തുല്യമെന്ന് ഡൽഹി ഹൈക്കോടതി.
ഒരു വിവാഹത്തിൽ, ഭാവി ജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ പങ്കിടുകയാണ് ഉദ്ദേശ്യമെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഭർത്താവിനെ ക്രൂരതനായി വിശേഷിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരു സഹായത്തിൻ്റെ ജോലിക്ക് തുല്യമല്ല. കാരണം, അത് അവളുടെ കുടുംബത്തോടുള്ള അവളുടെ സ്നേഹവും വാത്സല്യവുമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.
ഭാര്യയുടെ ക്രൂരതയുടെ പേരിൽ വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഒരാൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
പ്രതിയായ ഭാര്യ വീട്ടുജോലികള്‍ ചെയ്യാത്തതും ഭര്‍തൃവീട് ഉപേക്ഷിച്ചതും, ക്രിമിനൽ കേസുകളിൽ തെറ്റായി പ്രതി ചേർത്തതും തന്നെ വിഷമിപ്പിച്ചതായി സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ഭർത്താവ് പറഞ്ഞു. താൻ കുടുംബത്തിൽ നിന്ന് വേറിട്ട് ജീവിക്കണമെന്ന് പ്രതിയും കുടുംബവും നിർബന്ധിച്ചതായും അദ്ദേഹം ആരോപിച്ചു.
തുച്ഛമായ വരുമാനമാർഗ്ഗമോ ഇല്ലാത്തതോ ആയ വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാൻ മകന് ധാർമികവും നിയമപരവുമായ ബാധ്യതയുണ്ടെന്നും, വിവാഹം കഴിഞ്ഞ് ഹിന്ദു മകൻ കുടുംബത്തിൽ നിന്ന് വേർപിരിയുന്നത് അഭിലഷണീയമായ സംസ്കാരമല്ലെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
“നരേന്ദ്ര Vs കെ മീണ കേസിൽ, മകനോട് കുടുംബത്തിൽ നിന്ന് വേർപിരിയാൻ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഹിന്ദു പുത്രനെ സംബന്ധിച്ചിടത്തോളം, വിവാഹശേഷം കുടുംബത്തിൽ നിന്ന് വേർപിരിയുന്നത് ഒരു സാധാരണ രീതിയോ അഭികാമ്യമായ സംസ്കാരമോ അല്ലെന്ന് പ്രസ്താവിച്ചു,” ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് അടുത്തിടെ ഉത്തരവിൽ പറഞ്ഞു.
“പാർട്ടികൾ ഒരു വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഭാവി ജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ പങ്കിടുക എന്നതാണ് അവരുടെ ഉദ്ദേശ്യം. വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അത് ഒരു വേലക്കാരിയുടെ ജോലിക്ക് തുല്യമല്ലെന്നും അവളുടെ കുടുംബത്തോടുള്ള അവളുടെ സ്നേഹവും വാത്സല്യവും ആയി കണക്കാക്കുമെന്നും
കോടതി പറഞ്ഞു. ചില വിഭാഗങ്ങളിൽ, ഭർത്താവ് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുകയും ഭാര്യ വീട്ടുജോലികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ഭാര്യ വീട്ടുജോലികൾ ചെയ്യുമെന്ന് ഭര്‍ത്താവ് പ്രതീക്ഷിച്ചിരുന്നെങ്കിൽപ്പോലും അതിനെ ക്രൂരതയായി വിശേഷിപ്പിക്കാനാവില്ല,” കോടതി പറഞ്ഞു.
ഈ കേസിൽ ഭാര്യയുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുകയും അവരുടെ ദാമ്പത്യ ജീവിതം രക്ഷിക്കാൻ ഭര്‍ത്താവ് പ്രത്യേക താമസസൗകര്യം ഒരുക്കുകയും ചെയ്തുവെങ്കിലും ഭാര്യ വിവാഹ ബന്ധം ഉപേക്ഷിച്ച് അവരുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
“ഒരു വശത്ത്, പരാതിക്കാരി അവരുടെ ഭര്‍തൃവീട്ടീല്‍ ജീവിക്കാൻ വിസമ്മതിച്ച് അവരുടെ മാതാപിതാക്കളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. വിവാഹബന്ധം പരിപോഷിപ്പിക്കുന്നതിന്, കക്ഷികൾ ഒരുമിച്ച് ജീവിക്കുകയും പരസ്പരം സഹകരിച്ച് ജീവിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. താൽക്കാലിക വേർപിരിയൽ ഒരു പങ്കാളിയുടെ മനസ്സിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു,” കോടതി നിരീക്ഷിച്ചു.
ഒരു ക്രിമിനൽ പരാതി ഫയൽ ചെയ്യുന്നത് ക്രൂരതയല്ല, ഗുരുതരമായതും സ്ഥിരീകരിക്കാത്തതുമായ ആരോപണങ്ങൾ ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി പറഞ്ഞു.
2010 മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പ്രതിഭാഗത്തിന് “കൂട്ടുകുടുംബത്തിൽ ജീവിക്കാനും സുഖമായി ജീവിക്കാനും ഉദ്ദേശ്യമില്ലെന്നും” കോടതി ചൂണ്ടിക്കാട്ടി.
“മറുവശത്ത്, പ്രത്യേക താമസസൗകര്യം ഒരുക്കി ഭര്‍ത്താവ് അവളെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്നാല്‍, ഭാര്യയാകട്ടേ അവളുടെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ തിരഞ്ഞെടുത്ത്, അവളുടെ വൈവാഹിക ബാധ്യതകൾ അവഗണിക്കുക മാത്രമല്ല, ഭര്‍ത്താവിനെ അകറ്റി നിർത്തി അയാളുടെ മകന്റെ പിതൃത്വം നഷ്ടപ്പെടുത്തുകയും ചെയ്തു,” കോടതി പറഞ്ഞു.
“ഭര്‍ത്താവ് ഭാര്യയുടെ കൈകളിൽ നിന്ന് ക്രൂരതയ്ക്ക് ഇരയായെന്നാണ് ഈ കോടതിയുടെ അഭിപ്രായം. 25.11.2019 ലെ വിധി ഇതിനാൽ റദ്ദാക്കുകയും 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (IA) പ്രകാരം വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു,” കോടതി ഉത്തരവിട്ടു.