തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഒരു ദിവസം മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ട് പത്മജ ബിജെപിയിൽ ചേരുമെന്ന വാർത്ത സ്ഥിരീകരിച്ചു. നാളെ ബിജെപി ആസ്ഥാനത്ത് അംഗത്വം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.ജെ.പി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അവര്‍ ബി.ജെ.പിയിൽ ചേരാനുള്ള അന്തിമ തീരുമാനമെടുത്തത്. നേരത്തെ ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഈ വാർത്തകൾ തെറ്റാണെന്ന് കാണിച്ച് ശക്തമായി നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പത്മജ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്‍റെ ഒരിക്കലും മായാത്ത മുഖങ്ങളിലൊന്നായ ലീഡര്‍ കെ കരുണാകരന്‍റെ മകളും കെ മുരളീധരന്‍ എംപിയുടെ സഹോദരിയുമാണ് പത്മജാ വേണുഗോപാല്‍. ഏതാനും ദിവസങ്ങളായി ഡൽഹിയിലുള്ള പത്മജ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് അവർ ഔപചാരികമായി പാർട്ടി അംഗത്വം സ്വീകരിക്കും. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പത്മജയ്ക്ക് കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം നൽകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള വ്യക്തിയാണ് പത്മജ വേണുഗോപാൽ. കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖനായിരുന്ന നേതാവിന്റെ മകൾ തന്നെ ബിജെപിയിൽ ചേരുന്നത് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതാക്കളില്‍ തുടരുന്ന അവഗണനയാണ് പത്മജയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കാത്തതും അവരെ അതൃപ്തിയിലാഴ്ത്തി. ഇതാണ് പാർട്ടി വിടാൻ കാരണം. കേരളത്തിൽ നിന്ന് രാജ്യസഭാ സീറ്റ് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പത്മജയെന്ന് അവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ലീഗുമായുള്ള ധാരണ പ്രകാരം കോൺഗ്രസ് നേതൃത്വം രാജ്യസഭാ സീറ്റ് അവര്‍ക്ക് വാഗ്ദാനം ചെയ്തതോടെ പത്മജ താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും സൂചനകളുണ്ട്.
പത്മജ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നായിരുന്നു വിലയിരുത്തൽ. കോൺഗ്രസുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്ന് പത്മജ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2000-ൽ മുകുന്ദപുരത്ത് നിന്ന് ലോക്സഭയിലേക്കും 2021-ൽ തൃശ്ശൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ച് അവര്‍ പരാജയപ്പെട്ടിരുന്നു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ.ആൻ്റണിയുടെ മകനുമായ അനിൽ ആൻ്റണിയാണ് കേരളത്തിൽ നിന്ന് ബിജെപിയിലെത്തിയ കോണ്‍ഗ്രസ് പ്രമുഖന്റെ മക്കളില്‍ ആദ്യത്തെ ആള്‍. ഒരു വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന അനിൽ ആൻ്റണിക്ക് ബി.ജെ.പി ഗണ്യമായ പരിഗണന നൽകിയിരുന്നു. ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വക്താവ് എന്നീ സ്ഥാനങ്ങൾ നൽകിയ അനിൽ ആൻ്റണിയെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലേക്കും സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ്.
അടുത്തിടെയാണ് മുൻ കേരള കോൺഗ്രസ് നേതാവ് പിസി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം. കോൺഗ്രസിൽ നിരന്തരം അവഗണന നേരിട്ടതിനെ തുടർന്നാണ് പത്മജ പാർട്ടി വിട്ടതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കെ കരുണാകരൻ്റെ മകൾ കോൺഗ്രസ് പാളയം വിടുമെന്ന് കരുതാൻ കോൺഗ്രസ് പ്രവർത്തകർക്ക് ഏറെ പ്രയാസമുണ്ടാക്കും.
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ രണ്ട് അതികായരുടെ മക്കളെ അടർത്തിയെടുക്കാനായത് ബിജെപിക്ക് കേരളത്തിൽ വലിയ നേട്ടമാണ്. പത്മജയ്ക്കും ലോക് സഭാ സീറ്റടക്കമുള്ള പരിഗണനയും സ്ഥാനമാനങ്ങളും ബിജെപിയിൽ ലഭിക്കാനിടയുണ്ട്. എറണാകുളം ചാലക്കുടി സീറ്റുകളിലേക്ക് പത്മജ വേണുഗോപാലിനെ പരിഗണിച്ചേക്കാമെന്ന മട്ടിൽ റിപ്പോർട്ടുകളുണ്ട്. പത്മജയുടെ ചുവടുമാറ്റം വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സഹോദരൻ കെ. മുരളീധരൻറെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരും കോൺഗ്രസിൽ ഏറെയുണ്ട്. മുതിർന്ന നേതാക്കളുടെ മക്കളെന്ന നിലയിലും അല്ലാതെയും പാർട്ടി നൽകിയ എല്ലാസൌജന്യങ്ങളും പദവികളും സ്ഥാനമാനങ്ങളും ആസ്വദിച്ച ശേഷം മറുകണ്ടം ചാടിയ പത്മജയടക്കമുള്ളവരുടെ നിലപാടിനെതിരെ അതി രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.