മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

മുത്തശ്ശിയായ്‌ ഞാൻ! എനിക്കുണ്ടു മക്കളും
മുത്തം തരാൻ പേരകുട്ടികളും!
മുത്തുകളാണവർ എന്റെയമൂല്യമാം
മുത്തുകൾ, മങ്ങാത്ത പൊന്മുത്തുകൾ!

പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ
നേരമേ പോവതറിയുകില്ല!
തട്ടിയുറക്കിയും താരാട്ടു പാടിയും
തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ!

ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി
ആന കളിയ്ക്കുന്നു രണ്ടു പേരും!
എന്നിട്ടതൊന്നുമേ പോരാതിരുവരും
എന്നെ പിടിച്ചു കുതിരയാക്കും!

നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ
ഗത്യന്തരമില്ലാത്തക്കാലത്തിൽ,
ചൊല്ലട്ടെയെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ
തെല്ലും സമയം ലഭിച്ചതില്ല!

പുത്രസൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ
എത്രയോ ദമ്പതിമാരിഹത്തിൽ!
സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും
സന്തതിയില്ലേലതർത്ഥ ശൂന്യം!

ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ
തന്നിതാ ദൈവം അവസരവും!
മുത്തുകളാണവരെന്റെ അമൂല്യമാം
മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!

Print Friendly, PDF & Email

One Thought to “മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ”

  1. Mukundan kuniyath

    നന്നായി എഴുതി

Leave a Comment

More News